റിയാദ്: സഊദിയിൽ അഴിമതിക്കേസിൽ പ്രതിരോധ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 176 പേർ അറസ്റ്റിൽ. വിദേശികളടക്കമുള്ള പ്രതികളെ അഴിമതി വിരുദ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് അറസ്റ്റ് ചെയ്തത്. അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും വ്യാജ രേഖാനിർമാണവും അടക്കമുള്ള കേസുകളിൽ സഊദി പൗരന്മാരും വിദേശികളും അടക്കം 700 പേരെ ഇതുവരെ കമ്മീഷൻ ചോദ്യം ചെയ്തതായും കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു.
പ്രതിരോധ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർക്കു പുറമെ, നാഷണൽ ഗാർഡ് മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത മന്ത്രാലയം, മീഡിയ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സഊദി കസ്റ്റംസ്, റെഡ് ക്രസന്റ് അതോറിറ്റി, ദേശീയ ജല കമ്പനി എന്നിവക്കു കീഴിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്കെതിരായ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്.