Friday, 13 September - 2024

നോമ്പുതുറ അറിയിപ്പ്: ദുബൈയിൽ ആറ് കേന്ദ്രങ്ങളില്‍ ഇത്തവണയും പീരങ്കി മുഴങ്ങും

ദുബൈ: നോമ്പുതുറ അറിയിപ്പ് നൽകുന്നതിനുള്ള പാരമ്പര്യ പീരങ്കി മുഴക്കം ഇത്തവണയും ദുബൈയിൽ അരങ്ങേറും. 1960 കളുടെ തുടക്കം മുതല്‍ പാരമ്പര്യം അനുസരിച്ച് നടത്തിവരുന്ന പീരങ്കി വെടി ആറ് കേന്ദ്രങ്ങളില്‍ ഇത്തവണയും മുഴങ്ങും. ഇതിനായുള്ള അന്തിമ ക്രമീകരണങ്ങള്‍ ദുബായ് പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്. ഇഫ്ത്വാര്‍ അല്ലെങ്കില്‍ നോമ്പുതുറ സമയത്ത് അറിയിക്കാന്‍ വേണ്ടി എല്ലാ ദിവസവും പീരങ്കിയില്‍ നിന്ന് വെടി മുഴക്കും. റമദാന് ആരംഭം കുറിച്ചതായും പെരുന്നാള്‍ സമാഗതമായത് അറിയിക്കാനും രണ്ട് വെടികള്‍ വീതം മുഴങ്ങും.

അറ്റ് ലാന്റിസ് ദ് പാം, ബര്‍ഷ അല്‍ സലാം പള്ളി, ബുര്‍ജ് ഖലീഫ, മംസാര്‍ ബീച്, ഖവാനീജ് അല്‍ ഹബ്ബായ് പള്ളി, അല്‍ മന്‍ഖൂല്‍ പ്രാര്‍ഥനാ മൈതാന്‍ എന്നിവിടങ്ങളിലാണ് പീരങ്കി മുഴങ്ങുക. ദുബായ് പോലീസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് പ്രൊടക്ടീവ് സെക്യൂരിറ്റി ആന്റ് എമര്‍ജന്‍സി ആര്‍ടിലെറി യൂണിറ്റ് കമാന്‍ഡര്‍ മേജര്‍ അബ്ദുല്ല താരിഷ് അല്‍ അമിമിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ പാരമ്പര്യം നിലനിര്‍ത്താന്‍ ദുബായ് പോലീസ് പരിശ്രമിക്കുമെന്ന് അല്‍ അമിമി ചൂണ്ടിക്കാട്ടി. ‘എല്ലാ വര്‍ഷവും കുടുംബങ്ങള്‍ റമദാന്‍ പീരങ്കികള്‍ കാണാന്‍ ഒത്തുകൂടുന്നു. നിലവിലുള്ള പകര്‍ച്ചവ്യാധിയും കൊവിഡിനെതിരായ മുന്‍കരുതല്‍ നടപടികളും അനുസരിച്ച്, റമദാന്‍ പീരങ്കികളുടെ വെടി മുഴക്കല്‍ ടിവിയില്‍ മാത്രമേ കാണാനാകൂവെന്ന് അല്‍ അമിമി പറഞ്ഞു.

1803 ലെ റമദാനില്‍ ഷാര്‍ജയിലാണ് യുഎഇയില്‍ ആദ്യമായി പീരങ്കി വെടി മുഴക്കം ഉണ്ടായതെന്നാണ് ചരിത്രം. 1960 മുതല്‍ പീരങ്കി മുഴക്കുന്ന കര്‍ത്തവ്യം ദുബായ് പോലീസ് ഏറ്റെടുത്തു. ആദ്യകാലങ്ങളില്‍ പട്ടാള പീരങ്കി ആയിരുന്നു ഉപയോഗിച്ചതെങ്കില്‍ പിന്നീട് സോണിക് പീരങ്കിയിലേക്ക് മാറി. അപായമില്ലാത്ത പ്രത്യേക തരം വെടിമരുന്നാണ് ഇതിന് ഉപയോഗിക്കുന്നത്. ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍, ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍, മൂന്ന് സൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ കര്‍ത്തവ്യത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

യുഎഇയില്‍ ഈ മാസം 13 നാണ് റമദാന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

Most Popular

error: