Friday, 13 December - 2024

റമദാനിനെ വരവേൽക്കാൻ പ്രവാസികൾ ഒരുങ്ങി

ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിനെ വരവേൽക്കാൻ പ്രവാസികളും ഒരുങ്ങി. റമദാൻ ആഗതമാവാൻ മണിക്കൂറുകൾ അവശേഷിക്കേ റമദാനിനെ വരവേൽക്കാൻ മാനസികമായി ഒരുങ്ങുകയാണ് പ്രവാസികൾ. കൊവിഡ് മഹാമാരി വന്നതിന് ശേഷമുള്ള രണ്ടാമത്തെ റമദാനാണ് ഇത്.

റമദാൻ പ്രമാണിച്ചു പല സംഘടനകളുടെയും ആഭിമുഖ്യത്തിൽ റമദാൻ ഉൽബോധന പരിപാടികൾ നടന്നു വരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓൺലൈൻ വഴിയുള്ള ഉൽബോധന പരിപാടികളാണ് നടക്കുന്നത്. ജിദ്ദയിലെ പ്രമുഖ സംഘടനയായ എസ് ഐ സിയുടെ ആഭിമുഖ്യത്തിൽ ഒരു മാസത്തെ റമദാൻ കാമ്പയിന് വെള്ളിയാഴ്ച തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് പോലെ ഇസ്‌ലാഹി സെന്റർ, ഐ സി എഫ്, തനിമ തുടങ്ങിയ സംഘടനകളും റമദാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

മുൻ കാലങ്ങളിൽ റമദാനിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും കീഴിൽ ഇഫ്താർ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പ്രവാസികൾക്ക് ഗൃഹാതുരത്വം സമ്മാനിച്ചിരുന്ന ഇത്തരം പരിപാടികൾ ക്ക് കൊവിഡ് കാരണം ഇപ്പോൾ നിയന്ത്രണം ഉണ്ട്. പള്ളികളിലും ഇഫ്‌താറിന്‌ നിയന്ത്രണം ഉള്ളതിനാൽ സ്വന്തം റൂമുകളിൽ വെച്ച് തന്നെ നോമ്പ് തുറക്കേണ്ട അവസ്ഥയാണ്.

റമദാനിൽ സ്വകാര്യ മേഖലയിൽ ജോലി സമയം ആറു മണിക്കൂർ എന്നത് കമ്പനികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വലിയ അനുഗ്രഹമാണ്. ഒഴിവ് സമയം വിവിധ ക്‌ളാസുകളിൽ പങ്കെടുക്കാനും ഖുർആൻ പാരായണത്തിനുമൊക്കെ ഇവർ ഉപയോഗപ്പെടുത്തുന്നു. എന്നാൽ കടകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പൊതുവെ കിട്ടാറില്ല.

നാട്ടിൽ വിവിധ സംഘടനകൾ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനാഥാലയങ്ങൾക്കുമെല്ലാം പ്രവാസികളിൽ നിന്ന് കൂടുതൽ ഫണ്ട്‌ ലഭിക്കുന്നത് റമദാനിലാണ്. എന്നാൽ കൊവിഡ് വന്നതിന് ശേഷം നിരവധി ആളുകൾ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിയത് കാരണം ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന കുറയാൻ ഇടയായിട്ടുണ്ട്.

കഴിഞ്ഞ റമദാനിൽ കൊവിഡ് കാരണം ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ നല്ലൊരു വിഭാഗം പ്രവാസികൾക്കും ജോലിയോ വരുമാനമോ ഇല്ലാത്ത അവസ്ഥയിരുന്നു. കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ കിറ്റ് ഉപയോഗിച്ചാണ് പലരും വിശപ്പടക്കിയത്. എന്നാൽ കൊവിഡ് കാലം തുടരുമ്പോഴും ഇത്തവണ ജോലി ചെയ്യാൻ കഴിയുന്നു എന്നത് പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നു.

Most Popular

error: