Saturday, 27 July - 2024

കെഎംസിസി മീഡിയ കോഴ്സ് സമാപിച്ചു

ജിദ്ദ: മലപ്പുറം ജില്ല കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന മീഡിയ ട്രെയിനിങ് കോഴ്സിന് ശുഭകരമായ പര്യവസാനം. കൊവിഡ് മഹാമാരിയുടെ വരവോടെ ഏറെ ആശങ്കക്കിടയിലായിരുന്ന മീഡിയ കോഴ്സ് സംഘാടകരുടെ നിശ്ചയ ദാർഢ്യവും പഠിതാക്കളുടെ സഹകരണവും കൊണ്ടാണ് മുന്നോട്ട് പോയത്. ഇന്ന് ഷറഫിയ്യയിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ കെഎംസിസി നേതാക്കളും മാധ്യമ പ്രവർത്തകരും പഠിതാക്കളും പങ്കെടുത്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന സമാപന പരിപാടി അറബ് ന്യൂസ്‌ മാനേജിങ് എഡിറ്റർ സിറാജ് വഹാബ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തനം ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മാധ്യമ പ്രവർത്തകർക്ക് സമൂഹത്തോട് കടപ്പാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാലത്ത് സോഷ്യൽ മീഡിയ ഏറെ സജീവമാണെങ്കിലും അവക്ക് വിശ്വാസ്യത കുറവായതിനാൽ പത്രങ്ങൾക്ക് ഇന്നും വലിയ പ്രസക്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികൾക്ക് മുമ്പിൽ ഏറെ അവസരങ്ങളുള്ള മീഡിയ ട്രെയിനിങ് കോഴ്സ് ഭംഗിയായി പൂർത്തിയാക്കിയ കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. കെഎംസിസിയുടെ ജീവ കാരുണ്യ – സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മീഡിയ കോഴ്സ് കോഓർഡിനേറ്റർ സുൽഫിക്കർ ഒതായി അധ്യക്ഷത വഹിച്ചു.

കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ അരിമ്പ്ര, സി. എ റസാഖ് മാസ്റ്റർ, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഇല്യാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, മീഡിയ ഫോറം പ്രസിഡന്റ്‌ ജലീൽ കണ്ണമംഗലം, മാധ്യമ പ്രവർത്തകരായ മുസാഫിർ, സജിത്ത്, മായീൻ കുട്ടി, എം.അഷ്‌റഫ്‌, ഇബ്റാഹീം ശംനാട്, ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ. ഇസ്മായീൽ മരിതേരി തുടങ്ങിയവർ പ്രസംഗിച്ചു.കോഴ്സിന് നേതൃത്വം നൽകിയ അധ്യാപകർക്കുള്ള മെമെന്റൊയും കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

മീഡിയ കോഴ്സിന്റെ ഭാഗമായി നടത്തിയ പരീക്ഷയിൽ എസ് എം അൻവർ, സമീർ മലപ്പുറം, മുഹമ്മദ്‌ കല്ലിങ്ങൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പഠിതാക്കളായ അൻവർ വണ്ടൂർ, നിയാസ് ഇരുമ്പുഴി, മൂഹിയുദ്ധീൻ താപ്പി, ആഷിഖ് മഞ്ചേരി, സക്കീന ഓമശ്ശേരി തുടങ്ങിയവർ പഠന അനുഭവങ്ങൾ പങ്കു വെച്ചു. ഫാത്തിമ ഷമൂല ശരാഫാത് അവതാരകയായിരുന്നു. കെ. ടി റാഷിദ്‌ ഖിറാഅത് നടത്തി.

മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സെക്രട്ടറി വി. വി അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. അഫ്സൽ നാറാണത്ത്, നൗഫൽ ഉള്ളാടൻ, ഹംസക്കുട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Most Popular

error: