റിയാദ്: സഊദിയിലെ മാളുകളിൽ സഊദിവത്കരണം നിര്ബന്ധമാക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നത് മലയാളികൾ ഉൾപ്പെടെ അര ലക്ഷത്തിലധികം ആളുകൾക്ക്. രാജ്യത്തെ മാളുകളിലെ താഴ്ന്ന ജോലികൾ ഒഴികെ ഒട്ടുമിക്ക ജോലികളും സഊദികൾക്ക് മാത്രമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവവഴി 51,000 സൗദികള്‍ക്ക് ജോലി നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രവാസികള്‍ ഏറെ ജോലി ചെയ്യുന്ന മാളുകളിലെ പ്രധാന ജോലികളെല്ലാം സ്വദേശിവല്‍ക്കരിക്കപ്പെടുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടമാവുക.
മാള്‍ മാനേജ്‌മെന്റ് ഓഫീസുകളിലുൾപ്പെടെയാണ് സമ്പൂർണ്ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. ഇതിന് പുറമെ, മാളുകളിലെ റസ്റ്റൊറന്റുകളിലെയും കഫേകളിലെയും സെയില്‍സ് ഔട്ട്‌ലെറ്റുകളിലും സഊദിവല്‍ക്കരണം വര്ധിപ്പിക്കാനും തീരുമാനമുണ്ട്. നിയമപ്രകാരം സൗദി ജീവനക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ എടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട വിശദമായ അറിയിപ്പ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.