ജിദ്ദ: മലപ്പുറം ജില്ല കെഎംസിസിയുടെ കുടുംബ സുരക്ഷ പദ്ധതി 2021 ക്യാമ്പയിൻ കാലാവധി ഏപ്രിൽ 15 വരെ നീട്ടിയതായി ചെയർമാൻ ഇല്യാസ് കല്ലിങ്ങൽ അറിയിച്ചു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വിവിധ മണ്ഡലം കെഎംസിസി ഭാരവാഹികളുടെ ആവശ്യം പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയ പരിധി നീട്ടിയതെന്നും ഈ കാലയളവിനുള്ളിൽ എല്ലാവരും പ്രസ്തുത പദ്ധതിയിൽ അംഗങ്ങളാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുപത് വർഷം പൂർത്തിയാക്കിയ കുടുംബ സുരക്ഷ പദ്ധതി കാലോചിതമായ ഒട്ടേറെ പരിഷ്കാരങ്ങളോടെയാണ് ഇരുപത്തി ഒന്നാം വർഷത്തിലേക്ക് കടക്കുന്നത്. പ്രവാസ ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയും നിരവധി പ്രവാസികൾ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിൽ മലപ്പുറം ജില്ലാ കെഎംസിസിയുടെ കുടുംബ സുരക്ഷ പദ്ധതി 2021 നു കീഴിൽ ‘പ്രവാസ വിരാമ പദ്ധതി’ ആരംഭിക്കാൻ ജില്ലാ കെഎംസിസി തീരുമാനിച്ചിട്ടുണ്ട്. ഇത് നാട്ടിലേക്ക് മടങ്ങുന്ന നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
കുടുംബ സുരക്ഷ പദ്ധതിയിൽ കഴിഞ്ഞ നാല് വർഷം തുടർച്ചയായി അംഗമായിരിക്കെ എക്സിറ്റിൽ പോവുന്നവർക്ക് ഫൈനൽ എക്സിറ്റ് ബെനിഫിറ്റ് ആയി പതിനായിരം രൂപയും അഞ്ചു വർഷമായവർക്ക് ഇരുപത്തയ്യായിരം രൂപയും ലഭിക്കും. 2021 ഏപ്രിൽ മുതൽക്കാണ് പ്രസ്തുത ആനുകൂല്യം ലഭിക്കുക.
ഇതോടൊപ്പം ചികിത്സാ സഹായം വർധിപ്പിച്ചിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ, ഡയാലിസിസ് തുടങ്ങിയ രോഗികൾക്ക് അമ്പതിനായിരം രൂപയും മജ്ജ മാറ്റി വെക്കൽ, അംഗ വൈകല്യം സംഭവിച്ചവർ എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായം ലഭിക്കും.
ഇതോടൊപ്പം മരണാനന്തര അനുകൂല്യം ലഭിക്കുന്നതിലും പരിഷ്കാരം വരുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലാ കെഎംസിസി യുടെ കുടുംബ സുരക്ഷ പദ്ധതി കഴിഞ്ഞ ഇരുപത് വർഷമായി പരാതികളില്ലാതെ വ്യവസ്ഥാപിതമായി നടന്നു വരുന്നതിനാൽ പ്രവാസ ലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അറുപതു റിയാൽ നൽകി നിയമനുസൃതം ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികൾക്ക് കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമാവാൻ കഴിയും.
കെഎംസിസി കുടുംബ സുരക്ഷ പദ്ധതിയിൽ കെഎംസിസി മെമ്പർമാർക്ക് മാത്രമല്ല ജാതി-മത ഭേദമന്യേ മുഴുവൻ പ്രവാസികൾക്കും അംഗമാവാൻ കഴിയും.
ഓൺലൈൻ വഴിയും പഴയ രൂപത്തിൽ അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകിയും കുടുംബ സുരക്ഷ പദ്ധതിയിൽ ചേരാൻ കഴിയും.
കോവിഡ് മഹാമാരി തുടങ്ങിയ സമയത്തു ജോലിയും ശമ്പളവും ഇല്ലാതെ ബുദ്ധിമുട്ടിയ സമയത്ത് മലപ്പുറം ജില്ലാ കെഎംസിസി നടപ്പിലാക്കിയ പലിശ രഹിത വായ്പ പദ്ധതി പ്രവാസികൾക്ക് വളരെ ഉപകാരപ്പെട്ടിരുന്നു.
2020-ൽ കുടുംബ സുരക്ഷ പദ്ധതിയിൽ നിന്നും 68 ലക്ഷം രൂപയുടെ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് സാഹചര്യം ആയതിനാൽ ഈ വർഷം കൂടുതൽ സഹായം നൽകേണ്ടി വരുമെന്നാണ് ജില്ലാ കെഎംസിസി ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ആയതിനാൽ പദ്ധതിയുടെ മലപ്പുറം ജില്ലയിൽ നിന്നുള്ള മുഴുവൻ കെഎംസിസി മെമ്പർമാരും അനുഭാവികളും കുടുംബ സുരക്ഷ പദ്ധതിയിൽ ചേരണമെന്നാണ് ജില്ല കെഎംസിസി ഭാരവാഹികൾ ആവശ്യപ്പെടുന്നത്.