Thursday, 12 September - 2024

പ്രവാസ ലോകത്ത് ഇത് യാത്രയയപ്പ് കാലം

ജിദ്ദ: കോവിഡ് മഹാമാരിയുടെ വരവോടെ ജോലി നഷ്ടപ്പെട്ടും മറ്റും പിടിച്ചു നിൽക്കാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടി വരുന്നു. ഇത് കാരണമായി വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് പരിപാടികൾ തകൃതിയായി നടക്കുന്നു. മുമ്പൊക്കെ നാട്ടിൽ നിന്നും ഉംറക്കും ഹജ്ജിനുമൊക്ക വരുന്നവർക്ക് ജിദ്ദയിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകാറുണ്ടായിരുന്നു. എന്നാൽ കോവിഡ് കാരണം നാട്ടിൽ നിന്നും ഉംറക്ക് ആരും വരാത്തതിനാൽ സ്വീകരണ പരിപാടി ഒട്ടും തന്നെ ഇല്ല. പകരം പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള യാത്രയയപ്പ് പരിപാടികൾ വളരെ കൂടുകയും ചെയ്തു.

കേരളത്തിലെ നിയമ സഭ തെരെഞ്ഞെടുപ്പും റമദാനും അടുത്ത് വരുന്നു എന്നതും നാട്ടിൽ പോകുന്നവരുടെ എണ്ണം കൂടാൻ കാരണമാണ്. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പു സമയത്ത് വോട്ട് രേഖപ്പെടുത്താൻ വേണ്ടി മാത്രം ചെറിയ അവധിയിൽ നിരവധി പേർ നാട്ടിൽ പോയിരുന്നു. എന്നാൽ കോവിഡ് നിരക്ക് കൂടുതലായതിനാൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ല. ഇക്കരണത്താൽ വോട്ട് ചെയ്യാൻ വേണ്ടി പോകുന്നവർ പൊതുവെ കാണുന്നില്ല. എന്നാൽ ഇപ്പോൾ ജോലിയും വരുമാനവും നഷ്ടപ്പെട്ടവരാണ് നാട്ടിലേക്ക് മടങ്ങുന്നത്.

കോവിഡിന്റെ തുടക്കത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത് കാരണം പല സംഘടനകളും സൂം ഓൺലൈൻ വഴിയായിരുന്നു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ചെറിയ ഇളവ് വരുത്തിയതിനെ തുടർന്ന് ഇപ്പോൾ വിവിധ ഹാളുകളിൽ വെച്ച് പരിപാടി സംഘടിപ്പിക്കുന്നുണ്ട്. മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയയിൽ വാരാന്ത്യ ദിനങ്ങളിൽ ഒരുപാട് യാത്രയയപ്പുകൾ നടക്കുന്നുണ്ട്. റമദാൻ വ്രതം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ഇനിയുള്ള ദിവസങ്ങളിൽ യാത്രയായപ്പ് പരിപാടികളുടെ എണ്ണവും കൂടും.

Most Popular

error: