Saturday, 27 July - 2024

സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താൻ ‘ശരീക്’ പദ്ധതിയുമായി സഊദി കിരീടവകാശി, സഊദിയുടെ മുഖഛായ മാറും

റിയാദ്: സഊദിയിൽ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മില്‍ പങ്കാളിതത്തിനായി ‘ശരീക്’ പദ്ധതിയുമായി സഊദി കിരീടവകാശി. സഊദിയുടെ മുഖഛായ തന്നെ മാറുന്ന പുതിയ പദ്ധതി കിരീവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജാകമാരനാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വികസനത്തില്‍ സഊദി കമ്പനികളുടെ സംഭാവന വര്‍ധിപ്പിക്കുകയും നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുമുള്ള പദ്ധതിയാണ് ‘ശരീക്. പദ്ധതിയുടെ ഭാഗമായി വന്‍കിട കമ്പനികളുമായുള്ള ആദ്യ ധാരണാപത്രം ജൂണില്‍ ഒപ്പ് വെക്കും. പത്തു വര്‍ഷത്തിനുള്ളില്‍ സഊദിയില്‍ 27 ട്രില്യണ്‍ റിയാല്‍ ചെലവഴിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.

2030 ഓടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്ത ബന്ധത്തിലൂടെ സഊദി അറേബ്യയുടെ ഭാവിയിലും അഭിവൃദ്ധിയിലും ദീര്‍ഘകാല നിക്ഷേപം നടത്തുന്നതും കാണാനാകുമെന്നും കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. ദേശീയ കമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും വിഷന്‍ 2030 പദ്ധതി സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും പുതുതായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉന്നമിട്ടാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.

2030 ഓടെ പ്രാദേശിക നിക്ഷേപങ്ങള്‍ അഞ്ചു ട്രില്യണ്‍ റിയാലായി ഉയര്‍ത്തുന്നതിന് പ്രാപ്തമാക്കുന്നതിന് പ്രാദേശിക കമ്പനികള്‍ക്ക് പിന്തുണ നൽകും. 2030 വരെയുള്ള കാലത്ത് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്ത് മൂന്നു ട്രില്യണ്‍ റിയാല്‍ നിക്ഷേപിക്കും. കൂടാതെ ദേശീയ നിക്ഷേപ തന്ത്രത്തിന്റെ ഭാഗമായി നാലു ട്രില്യണ്‍ റിയാല്‍ കൂടി പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ പമ്പ് ചെയ്യും. ഇതേ കുറിച്ച വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. ഇതോടെ 2030 വരെയുള്ള കാലത്ത് ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നടത്തുന്ന ആകെ നിക്ഷേപങ്ങള്‍ പന്ത്രണ്ടു ട്രില്യണ്‍ റിയാലായി ഉയരും.
പത്തു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടത്തുന്ന പത്തു ട്രില്യണ്‍ റിയാലിന്റെ ധനവിനിയോഗം ഇതിനു പുറമെയാണ്. 2030 വരെയുള്ള കാലത്ത് സ്വകാര്യ ഉപഭോക്തൃ ധനവിനിയോഗം അഞ്ചു ട്രില്യണ്‍ റിയാലുമായിരിക്കും. ഇതെല്ലാം കൂടി കണക്കിലെടുത്താല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സഊദി അറേബ്യയില്‍ ചെലവഴിക്കപ്പെടുന്ന പണം 27 ട്രില്യണ്‍ റിയാല്‍ (ഏഴു ട്രില്യണ്‍ ഡോളര്‍) ആയിരിക്കും.

Most Popular

error: