Saturday, 27 July - 2024

ഗുജറാത്ത്, റോഹിങ്ക്യൻ മുസ്‌ലിം വംശഹത്യ; എ.പി. അബ്ദുൽ ഹകീം അസ്ഹരിയുടെ മറുപടി വിവാദത്തിൽ, വീഡിയോ

മലപ്പുറം: ഗുജറാത്ത്, റോഹിങ്ക്യൻ മുസ്‌ലിം വംശഹത്യയിൽ കാന്തപുരം എ.പി വിഭാഗം നേതാവ് എ.പി. അബ്ദുൽ ഹകീം അസ്ഹരിയുടെ മറുപടി വിവാദത്തിൽ. പെരുവള്ളൂരില്‍ നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിഷന്‍ 21 പദ്ധതി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികളോട് സംവദിക്കവെ ഹകീം അസ്ഹരി നടത്തിയ പരാമര്‍ശങ്ങളാണ് ഏറെ വിവാദമായത്. ഗുജറാത്ത്, റോഹിങ്ക്യൻ മുസ്‌ലിംകൾ ചുട്ടെരിക്കപ്പെട്ടത് നമസ്കരിക്കാത്തതിനുള്ള ശിക്ഷയെന്നും ഗുജറാത്തിലെ ജനങ്ങള്‍ നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണമെന്നും കൊല്ലണമെന്നും അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കുമെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ മകനും എപി വിഭാഗം എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ഹകീം അസ്ഹരിയുടെ വിചിത്രവാദം.

ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് വെള്ളിയാഴ്ച നടത്തിയ പരാമർശം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സൈബറിടത്തിൽ ഉയരുന്നത്. ‘റോഹിങ്ക്യൻ മുസ്ലിംകളെയും ഫലസ്തീൻ മുസ്ലിംകളെയും അതിക്രൂരമായി അടിച്ചമർത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന ചിത്രങ്ങൾ നമ്മൾ കാണുന്നു. ഇതിന് പിന്നിൽ അവിടത്തെ ഭരണകൂടങ്ങളാണ്. അവരുടെ ഇൗ ചെയ്തികൾക്കെതിരെ ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്ലിം രാജ്യങ്ങളും എന്തുകൊണ്ട് ഒരു സമിതി ഉണ്ടാക്കി പ്രവർത്തിക്കാൻ മുന്നോട്ടുവരുന്നില്ല’ എന്ന ഒരു വിദ്യാർഥിയുെട ചോദ്യത്തിനാണ് അബ്ദുൽ ഹകീം അസ്ഹരി ഗുജറാത്ത് മുസ്‌ലിംകളുടെ കാര്യം കൂടി ചേർത്ത് മറുപടി നൽകിയത്.

”ഫോട്ടോയിൽ കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വിഡിയോവും ആർക്കും എങ്ങനെയും ഉണ്ടാക്കാം. അതുകൊണ്ട് കാണുന്നതൊന്നും ശരിയാണെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. രണ്ടാമത്തേത്, അങ്ങനെ അടി കിട്ടുകയും തൊഴി കിട്ടുകയും വീട് കത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആ നാട്ടിലെ മുസ് ലിംകൾ നമസ്കരിക്കുന്നവരായിരിക്കില്ല. പ്രവാചകൻ റസൂലുല്ലാഹി ഒരിക്കൽ പറഞ്ഞു: ഞാൻ വേറെ ആരെയെങ്കിലും നമസ്കരിക്കാൻ ഏൽപിച്ചിട്ട് ഇതിലെയൊക്കെ ചുറ്റിനടന്ന് നമസ്കരിക്കാൻ വരാത്തവരുടെ വീടൊക്കെ ചെന്നു കരിച്ചാലോ എന്ന് ആലോചിച്ചു എന്ന്. നമസ്കരിക്കാതിരിക്കുന്നത് അത്രയും വലിയ കുറ്റമാണ്. പക്ഷേ, നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങൾ നടപ്പാക്കാൻ പാടില്ല. ഭരണാധികാരികളാണ് അത് നടപ്പിലാക്കേണ്ടത്. അപ്പോൾ ഗുജറാത്തിലെ ജനങ്ങൾ നമസ്കരിച്ചിട്ടില്ലെങ്കിൽ അവരുടെ വീട് ചുടണം, അവരെ കൊല്ലണം. അത് ആരാ ചെയ്യേണ്ടത്? അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഈമാനം ഇബാദത്തും ഇല്ലാത്തതിന്റെ കാരണം കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ സംഭവിക്കുന്നത്. അതിനുള്ള ഒരു സമിതിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്ത നമസ്‌കാരം പഠിപ്പിക്കുന്നുണ്ട്, വഅള് നടത്തുന്നുണ്ട്, പരിപാടികള്‍ നടത്തുന്നുണ്ട്. അങ്ങനെ എല്ലാ നാട്ടിലും അങ്ങനെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഇതായിരുന്നു അബ്ദുല്‍ ഹകീം അസ്ഹരിയുടെ മറുപടി.

വീഡിയോ

Most Popular

error: