Saturday, 27 July - 2024

തെരെഞ്ഞെടുപ്പും റമദാനും: എന്നിട്ടും നാട്ടിൽ പോവാൻ മടിച്ചു പ്രവാസികൾ

ജിദ്ദ: കേരളത്തിൽ നിയമസഭ തെരെഞ്ഞെടുപ്പും അത് കഴിഞ്ഞ് റമദാനിനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവാസികൾ നാട്ടിൽ പോവാൻ മടിച്ചു നിൽക്കുന്നു. സഊദിയിൽ നിന്നും നാട്ടിലേക്ക് പോവാൻ നേരിട്ടുള്ള ചാർട്ടേർഡ് വിമാനം ഉണ്ടെങ്കിലും തിരിച്ചു വരാൻ നേരിട്ട് വിമാന സർവീസ് ഇല്ലാത്തതാണ് പ്രവാസികളെ നാട്ടിൽ പോവുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസിന്റെ കാര്യം ഇനിയും അനിശ്ചിതവസ്ഥയിലാണ്.

മുൻ കാലങ്ങളിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്താൽ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ വേണ്ടി മാത്രം ജിദ്ദയുൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ നാട്ടിൽ പോയിരുന്നു. കെഎംസിസി ഉൾപ്പെടെ വിവിധ സംഘടനകൾ ഇതിനായി പ്രത്യേകം വിമാനം ചാർട്ടർ ചെയ്യാറുണ്ടായിരുന്നു. ഇതിൽ ചിലർ വോട്ട് രേഖപ്പെടുത്തി അധികം വൈകാതെ മടങ്ങുകയും മറ്റു ചിലർ തെരഞ്ഞെടുപ്പ് ഫലം വന്നു വിജയാഘോഷം കഴിഞ്ഞ ശേഷവുമാണ് മടങ്ങിയിരുന്നത്. എന്നാൽ കൊവിഡിന്റെ വരവ് എല്ലാം തകിടം മറിച്ചു.

ഇത് പോലെ പലരും റംസാൻ വരുന്നതിന് മുന്നോടിയായി നാട്ടിൽ പോവാറുണ്ടായിരുന്നു. കടകളിലും മറ്റും ജോലി ചെയ്യുന്നവരാണ് ഇങ്ങനെ ദീർഘകാല അവധിയിൽ പോയിരുന്നത്. ഇങ്ങനെ പോകുന്നവർ ബലി പെരുന്നാളും ആഘോഷിച്ചാണ് നാട്ടിൽ നിന്നും മടങ്ങിയിരുന്നത്. കമ്പനികളിൽ ജോലി ചെയ്യുന്നവർ റമദാൻ അവസാനം പെരുന്നാളിനോടാനുബന്ധിച്ചാണ് നാട്ടിൽ പോയിരുന്നത്. എന്നാൽ ഇത്തവണ നാട്ടിൽ പോവാനുള്ള ഒരുക്കങ്ങൾ പൊതുവെ കുറവാണ്.

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാലാണ് ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സെർവിസിന് സൗദി അധികൃതർ അനുമതി നിഷേധിച്ചത്. ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് വരുന്നവർ ഇന്ത്യക്ക് പുറത്ത് രണ്ടാഴ്ച താമസിച്ചു കോവിഡ് ടെസ്റ്റ്‌ നടത്തി നെഗറ്റീവ് റിസൾട്ട്‌ ഉള്ളവരാവണം. ഇങ്ങനെ വളഞ്ഞ വഴി വരാൻ ചെലവ് വളരെ കൂടുതലാണ്.

കോവിഡ് വന്ന ശേഷം നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാതെ ആയിരങ്ങളാണ് നാട്ടിൽ കഴിയുന്നത്. ഇതിൽ പലർക്കും ജോലി നഷ്ടപ്പെട്ടു. പലരും ജീവിത മാർഗം തേടി നാട്ടിൽ കിട്ടുന്ന ജോലിക്ക് പോവാൻ തുടങ്ങി.
എന്നാൽ പലരും നേരിട്ടുള്ള വിമാന സർവിസിന് വേണ്ടി കാത്തിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ നാട്ടിൽ ഉള്ളവരേക്കാൾ ആവേശം ഉള്ള പ്രവാസികൾ ഇത്തവണ തങ്ങളുടെ ആവേശം കടിച്ചമർത്തി സോഷ്യൽ മീഡിയയിലൂടെയും മറ്റും തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ നോക്കിക്കാണുകയാണ്. അതോടൊപ്പം ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്ന വാർത്ത കേൾക്കാൻ കാത് കോർപ്പിച്ചിരിക്കുകയാണ് സഊദിയിലെ ഇന്ത്യൻ പ്രവാസികൾ.

Most Popular

error: