Friday, 13 December - 2024

കൊവിഡ് നിയന്ത്രണം: മദീനയിലെ പ്രവാചക പള്ളിയിൽ തറാവീഹ് നിസ്കാരം പത്ത് റക്അത്ത് മാത്രം, ഇരു ഹറമുകളിലെയും റമദാനിലെ നിബന്ധനകൾ പ്രഖ്യാപിച്ചു

മദീന: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മദീനയിലെ മസ്ജിദുന്നബവിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി റമദാനിൽ തറാവീഹ് നിസ്കാരങ്ങളുടെ എണ്ണം കുറച്ചു. അഞ്ച് സലാം വീട്ടലോടെ പൂർത്തിയാക്കി പത്ത് റക്അത്ത് മാത്രമായിരിക്കും തറാവീഹ് നിസ്കാരം. തറാവീഹ് നിസ്കാര ശേഷം അര മണിക്കൂറിനുള്ളിൽ മസ്ജിദുന്നബവി അടച്ചിടുകയും ചെയ്യും.

നിസ്കാരത്തിന് വരുന്നവരുടെ കൂട്ടത്തിൽ പതിനഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകുകയില്ല. കൂടാതെ, പള്ളിയിലും മുറ്റങ്ങളിലും അത്താഴ വിതരണത്തിനും വിലക്ക് ഏർപ്പെടുത്തി. ഇഅ്‌തികാഫിനും (ഭജനമിരിക്കൽ) വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നോമ്പ് തുറ, അത്താഴ ഭക്ഷണങ്ങൾ വ്യക്തിഗതമായിരിക്കുമെന്നും ഇതിനായി ഏജൻസികളെ യോഗ്യതയുള്ള അധികാരികളുമായി ഏകോപിപ്പിക്കുമെന്നും മദീന പ്രവാചക പള്ളി അധികൃതരും അറിയിച്ചു.

അതേസമയം, വിശുദ്ധ റമദാനിൽ മക്കയിലെയും മദീനയിലെയും വിശുദ്ധ ഭവനങ്ങളിൽ സമൂഹ ഇഫ്‌ത്വാറിനും ഇഅ്‌തികാഫിനായും എത്തുന്നതിനു വിലക്ക് ഏർപ്പെടുത്തിയതായി ഇരു ഹറം കാര്യാലയ ഡോ: ശൈഖ് അബ്ദുറഹ്‌മാൻ അൽ സുദൈസ് അറിയിച്ചു. റമദാനിൽ ഇവിടെയെത്തുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്കാനായി ഈത്തപ്പഴവും വെള്ളവും കരുതാൻ മാത്രമാണ് അനുവാദം. ഭക്ഷണം കൊണ്ട് വരാനോ വിതരണം ചെയ്യാനോ അനുമതിയില്ല. വിശുദ്ധ റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ ഇരു ഹറമുകളും പൂർണമായും തയ്യാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മക്കയിലെ വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികൾക്ക് പാക്ക് ചെയ്ത നോമ്പ് തുറ, അത്താഴ വിഭവ വിതരണത്തിന് മക്ക പ്രവിശ്യ ഗവർണറേറ്റുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കും. പ്രതിദിനം 200,000 വെള്ളകുപ്പികൾ വിതരണം ചെയ്യും. വിശുദ്ധ കഅ്ബ ചുറ്റുമുള്ള മത്വാഫ് (പ്രദക്ഷിണ മുറ്റം) ഉംറ പെർമിറ്റ്‌ ലഭ്യമായിട്ടുള്ള ഉംറ തീർത്ഥാടകർക്ക് മാത്രമായി മാറ്റി വെക്കും. മറ്റുള്ളവരെ ഇവിടേക്ക് നിസ്കാരണങ്ങൾക്കായോ മറ്റോ അനുവദിക്കുകയില്ല.

മസ്ജിദുൽ ഹറാമിൽ കിഴക്കൻ സ്ക്വയറിനു പുറമേ വിശുദ്ധ പള്ളിയുടെ അഞ്ച് ഭാഗങ്ങൾ പ്രാർത്ഥനക്കായി തുറന്ന് നൽകും.
മക്ക മസ്ജിദുൽ ഹറാം ലൈബ്രറി, വിശുദ്ധ ഖുർആൻ എക്‌സിബിഷൻ സെന്റർ, ഹറമൈൻ എക്‌സിബിഷൻ, കിങ് അബ്ദുൽ അസീസ് കിസ്‌വ കേന്ദ്രം എന്നിവ നിശ്ചിത സമയങ്ങളിൽ മാത്രമായിരിക്കും തുറക്കുക. ഇരു ഹറമുകളിലും നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

Most Popular

error: