Saturday, 27 July - 2024

ജിദ്ദ-കൊച്ചി വിമാനത്തിന് പൊടുന്നനെ ഡിജിസിഎ വിലക്ക്, ദുരിതത്തിലായ കുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിഷേധത്തിൽ

റിയാദ്: ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട സഊദിയ വിമാനത്തിന് പൊടുന്നനെ വിലക്ക്. ഇന്ത്യൻ ഡി.ജി.സി.എ അനുമതി നിഷേധിച്ചതിനെത്തുടർന്ന് വിമാനം പൊടുന്നനെ സർവ്വീസ് മുടങ്ങിയതോടെ യാത്രക്കാർ പ്രതിഷേധത്തിലാണ്. വെള്ളിയാഴ്ച പുലർച്ചെ 12.20 ന് ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് പോവേണ്ടിയിരുന്ന സഊദിയയുടെ SV 3572 ചാർട്ടേഡ് വിമാനമാണ് ഡി.ജി.സി.എയുടെ അനുമതിയില്ലാത്തതിനെത്തുടർന്ന് അവസാന നിമിഷം മുടങ്ങിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ജി.സി.എയുടെ ഭാഗത്ത് നിന്നും വിമാനത്തിനുള്ള അനുമതി നിഷേധിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാർ.


വിമാനം മുടങ്ങിയതോടെ യാത്രക്കൊരുങ്ങി കിലോമീറ്ററുകളോളം യാത്ര ചെയ്തെത്തിയ യാത്രക്കാർ പ്രതിഷേധത്തിലാണ്. ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാർ വിമാനം മുടങ്ങിയ വിവരമറിയുന്നത്. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ പ്രയാസത്തിലായി. അയ്യായിരം രൂപയോളം മുടക്കി കൊവിഡ് ടെസ്റ്റ് നടത്തിയാണ് യാത്രക്കാർ എത്തിച്ചേർന്നിരുന്നത്. എന്നാൽ, അന്തിമ നിമിഷം യാത്ര മുടങ്ങിയതോടെ ഈ പണവും നഷ്ടത്തിലായി.

കൃത്യമായ കാരണം അറിയിക്കാതെ വിമാനത്തിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചത് ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണ് ഡി.ജി.സി.എ നിലപാടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും നിരവധി യാത്രക്കാർ സഊദിയിലെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നുള്ള വിവിധ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോവാനിരിക്കെ ഡി.ജി.സി.എ ഇത്തരമൊരു തീരുമാനം എടുത്തതിൽ പ്രവാസികൾ ആശങ്കാകുലരാണ്. സഊദിയിൽ നിന്നും കേരളത്തിലേക്ക് ഇനി ഒരു ചാർട്ടർ വിമാനത്തിനും അനുമതി നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഡി.ജി.സി.എ എന്നാണ് പുറത്ത് വരുന്ന വിവരം.

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW

Most Popular

error: