ഹജിനെത്തുന്നവർ വാക്‌സിൻ സ്വീകരിക്കണം, വിദേശ ഹാജിമാരും പങ്കെടുക്കും; നിബന്ധനകൾ അറിയാം

0
848

മക്ക: ഈ വർഷത്തെ ഹജ്ജിനെത്തുന്ന ആഭ്യന്തര, വിദേശ ഹാജിമാർ വാക്സിൻ എടുക്കൽ നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ പരിവർത്തന പ്രോഗ്രാം പ്രഖ്യാപിച്ച ഹജിനുള്ള ആരോഗ്യ വ്യവസ്ഥകളിലാണ് ഇക്കാര്യം പറയുന്നത്.  വിദേശത്ത് നിന്നെത്തുന്നവർ രാജ്യത്തെത്തുന്നതിന്റെ ഒരാഴ്ച മുമ്പും  ആഭ്യന്തര ഹാജിമാർ ദുൽഹജ്ജിന്  മുമ്പും  രണ്ട് ഡോസ് വാക്സിൻ എടുക്കണമെന്നാണ് നിർദേശം.

ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും വാക്സിൻ ആണ് എടുക്കേണ്ടത്. കൂടാതെ, വിദേശ ഹാജിമാർ യാത്രയുടെ 72 മണിക്കൂർ മുമ്പ് എടുത്ത കൊറോണ മുക്തമാണെന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ഇവിടെ ഇറങ്ങിയ ശേഷം 72 മണിക്കൂർ ക്വാറന്റൈനിൽ കഴിയണം. വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തണം തുടങ്ങിയുള്ള കാര്യങ്ങളാണ് പാലിക്കേണ്ടത്.

ഹജ്ജ് ജോലിക്കായി എത്തുന്നവർ സഊദി അംഗീകരിച്ച വാക്സിൻ ഇവർക്കുള്ള ജോലി ആരംഭിക്കുന്നതിന്റെ ഒരാഴ്ച മുമ്പെങ്കിലും എടുക്കണം. ദുൽഹിജ്ജ പിറക്കുന്നതിന്റെ മുമ്പ് തന്നെ മക്ക, മദീന പുണ്യ നഗരികളിലെ താമസക്കാരിൽ 60 ശതമാനം ആളുകൾക്കും വാക്സിൻ നൽകും. 18 നും 60 നും ഇടയിലുള്ളവർക്കായിരിക്കും ഹജ്ജിനുള്ള അനുമതി നൽകുക. ഹാജിമാരും ഹജ്ജ് സേവകരും സദാ സമയവും മാസ്ക് ധരിക്കണം. ഹാജിമാരുടെ ഇടയിൽ അകലം പാലിക്കുന്നതിനുള്ള നടപടികൾ, തിരക്ക് ഒഴിവാക്കാനുള്ള നടപടികൾ, 100 പേരടങ്ങുന്ന സംഘമാക്കി തിരിക്കൽ തുടങ്ങിയുള്ള കാര്യങ്ങളും നടപ്പാക്കും.

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ആയിരത്തോളം ഹാജിമാർ മാത്രമാണ് ഹജ്ജിൽ പങ്കെടുത്തിരുന്നത്.   വിദേശ രാജ്യങ്ങളിൽ നിന്ന് ആരെയും അനുവദിച്ചിരുന്നില്ല. ഈ വർഷം വിദേശ ഹാജിമാരെ പരിമിതമായാണെങ്കിലും പങ്കെടുപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here