Saturday, 27 July - 2024

ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ സർവ്വീസ് മാർച്ച് 31 മുതൽ; ബുക്കിങ് ആരംഭിച്ചു

മക്ക: വിശുദ്ധ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഹറമൈൻ ഹൈ സ്‌പീഡ്‌ ട്രെയിൻ സർവ്വീസ് ഈ മാസം 31 മുതൽ വീണ്ടും ഓടിത്തുടങ്ങും. മക്ക-മദീന പുണ്യ നഗരികൾക്കിടയിൽ സർവ്വീസുകൾ പുനഃരാരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. സർവ്വീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചുവെന്ന് ഹറമൈൻ ഹൈ സ്‌പീഡ്‌ ട്രെയിൻ സർവ്വീസ് അതോറിറ്റി അറിയിച്ചു. ട്രെയിൻ സർവ്വീസ് പ്രോജക്ടിന്റെ വെബ്‌സൈറ്റ് മുഖേനയാണ് ടിക്കറ്റ് വിൽപ്പനയെന്ന് ഹറമൈൻ ട്രെയിൻ സർവ്വീസ് വൈസ് പ്രസിഡന്റ് എഞ്ചിനീയർ റയാൻ അൽ ഹർബി അറിയിച്ചു.

മക്ക-മദീന-ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്, റാബിഗ് കിംഗ് അബ്ദുല്ലാഹ് ഇക്കോണമിക് സിറ്റി എന്നിവിടങ്ങൾ ബന്ധിപ്പിച്ചാണ് ഹറമൈൻ ഹൈസ് സ്‌പീഡ്‌ ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഹജ്ജ്, ഉംറ തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കുന്നതിനായി അതിനൂതനവും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളും ഉപയോഗിച്ച് സർവീസ് പ്രവർത്തനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതന്നെയും വൈസ് പ്രസിഡന്റ് പറഞ്ഞു.
ഈ വർഷം വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള സംയോജിത തയ്യാറെടുപ്പുകൾ നടന്നിട്ടുണ്ട്. റെയിൽ‌വേ ട്രാക്കിൽ‌ ട്രയൽ‌ യാത്രകൾ‌ തുടരുന്നതിലൂടെ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും തൊഴിലാളികളുടെയും കാര്യക്ഷമത ഉറപ്പ് വരുത്തുകയും വേഗത മണിക്കൂറിൽ 300 കിലോമീറ്റർ നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈറസ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ പാലിച്ചായിരിക്കും സർവ്വീസുകൾ.

ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിൽ ഉണ്ടായ കനത്ത തീപിടുത്തത്തെ തുടർന്ന് രണ്ടര മാസം നിർത്തിയതിനെത്തുടർന്ന് 2019 ഡിസംബറിൽ ഹറമൈൻ ട്രെയിൻ സർവീസുകൾ പുനഃരാരംഭിച്ചുവെങ്കിലും 2020 മാർച്ചിൽ കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി യാത്ര പൂർണ്ണമായും നിർത്തി വെക്കുകയായിരുന്നു. ഇക്കാലയളവിൽ ഇരു നഗരികൾക്കുമിടയിലെ വർധിച്ച യാത്രികരെ സ്വീകരിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായുള്ള പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചു. മക്ക-മദീനക്കുമിടയിൽ ദിവസേന 12 സർവ്വീസുകളായിരുന്നു ഉണ്ടായിരുന്നത്. ഓരോ സർവ്വീസിലും 400 ലധികം യാത്രക്കാരെ വഹിച്ചുള്ള സർവ്വീസുകൾ ആഴ്ചയിൽ അഞ്ച് ദിവസമായിരുന്നു ഉണ്ടായിരുന്നത്.

Most Popular

error: