റിയാദ്: സഊദിയിൽ അടിച്ചു വീശിയ അതി ശക്തമായ പിടിക്കാറ്റിനിടെ വ്യാപക നാശ നഷ്ടങ്ങളും. ഉത്തര സഊദിയിലാണ് കാറ്റില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു വീണ് വ്യാപക നാശ നഷ്ടമുണ്ടായത്. ഈത്തപ്പനകളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തിയതിനു പുറമെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. സിവില്‍ ഡിഫന്‍സും നഗരസഭാ തൊഴിലാളികളും സഊദി ഇലക്ട്രിസിറ്റി കമ്പനി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് റോഡുകളിലെ തടസ്സങ്ങള്‍ നീക്കുകയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും മറ്റു പ്രവിശ്യകളിലുമെല്ലാം ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ഹസ, ജുബൈല്‍, അല്‍കോബാര്‍, ദമാം, അല്‍ഖഫ്ജി, ഖത്തീഫ്, നഈരിയ, ബഖീഖ്, ഹഫര്‍ അല്‍ബാത്തിന്‍, റാസ് തന്നൂറ, ഖര്‍യതുല്‍ഉല്‍ലയ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിക്ക് ആരംഭിച്ച പൊടിക്കാറ്റ് ഇന്നലെ പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ടു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലാണ് പലയിടങ്ങളിലും പൊടിക്കാറ്റ് ആഞ്ഞുവീശിയത്.