മദീന: ദൃശ്യവിസ്‌മയങ്ങളൊരുക്കി പടിഞ്ഞാറൻ സഊദിയിലെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന അൽ ഉല വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം സഞ്ചാരികൾക്കായി ചരിത്ര വാതിലുകൾ വീണ്ടും തുറന്നത്. നവീകരണങ്ങൾ പൂർണമായിട്ടില്ലെങ്കിലും ഏറെക്കുറെ പൂർത്തിയായതോടെയാണ് സഞ്ചാരികൾക്കായി പ്രവേശനം അനുവദിച്ചു തുടങ്ങിയത്. പുരാവസ്‌തു മേഖലയുടെ ബഹുമുഖമായ വികസനത്തിന് അൽഉല റോയൽ കമീഷൻ നേരേത്ത തന്നെ വമ്പിച്ച ആസൂത്രണ പദ്ധതികൾ ഒരുക്കിയിരുന്നു.
മിഡിലീസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് വിവിധ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി പ്രതിവർഷം 10 ലക്ഷത്തിലേറെ സഞ്ചാരികളെ ആകർഷിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് അൽഉലയിൽ നടപ്പാക്കിവരുന്നത്. എല്ലാ ദിവസവും സന്ദർശകർക്ക് പുരാതന നഗരിയിലെ ചരിത്ര കൗതുകങ്ങൾ കാണാനും ഉല്ലാസദായകമായി അവ ആസ്വദിക്കാനുമുള്ള സമ്പൂർണ ടൂറിസം കേന്ദ്രമായാണ് അൽഉലയെ ഇപ്പോൾ പരിവർത്തിപ്പിച്ചിട്ടുള്ളത്.
ഭക്ഷണശാലകൾ, സ്റ്റാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, വിവിധ പവിലിയനുകൾ, വിശ്രമ കൂടാരങ്ങൾ, പള്ളി തുടങ്ങിയവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പാരിസ്ഥിതിക നാശങ്ങൾക്ക് വിധേയമായി പുരാതന നഗരിയിൽ പൗരാണിക ശേഷിപ്പുകളിൽ പലതും തകരുന്ന പശ്ചാത്തലത്തിലായിരുന്നു 2017ൽ സന്ദർശകരുടെ പ്രവേശനം ഒഴിവാക്കി പുനരുദ്ധരിക്കാൻ അധികൃതർ തീരുമാനിച്ചത്. 2035ഓടെ രണ്ടു ദശലക്ഷം വിനോദ സഞ്ചാരികളെയാണ് സൗദി ഭരണകൂടം അൽഉലയിൽ പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ സമ്പൂർണ പരിവർത്തന പദ്ധതിയായ വിഷൻ 2030ലെ സുപ്രധാന പദ്ധതികളിലൊന്നാണ് ഇവിടെ പൂർത്തിയായിവരുന്നത്. നിരവധി പ്രവാചകന്മാരുടെ ചരിത്രങ്ങൾ ഇഴഞ്ഞു ചേർന്ന ഇവിടെ ടൂറിസം വത്കരിക്കുന്നതിനു പ്രത്യേക പദ്ധതികൾ തന്നെ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു.