‘പാർട്ടിയെ നയിക്കാനുള്ള ആരോഗ്യമുണ്ട്, കെ സുധാകരനെ മാറ്റേണ്ട’; കെ മുരളീധരൻ

0
692

ഇടുക്കി: കെ പി സി സി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ.

പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെയെന്നും പക്ഷെ അതിന് പ്രസിഡൻ്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോൺ​ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചെന്നും മുരളീധരൻ വ്യക്തമാക്കി. പാ‍ർട്ടിയെ നയിക്കാനുള്ള ആരോ​ഗ്യം കെ സുധാകരനുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

തൃശൂർ ഡിസിസി യിൽ പുതിയ അധ്യക്ഷൻ അടിയന്തരമായി നിയമിക്കണമെന്നും കെ മുരളീധരൻ കോൺ​ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ ലെയ്സൺ കമ്മറ്റിക്ക് ചെയർമാൻ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത് രണ്ടും അടിയന്തിരമായി നടപ്പാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരൻ കൂട്ടിച്ചേ‍ർത്തു.

മുനമ്പം വിഷയത്തിൽ യുഡിഎഫിന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാണ്. അവിടെ താമസിക്കുന്നവരെ ഒരിക്കലും കുടിയൊഴിപ്പിക്കാൻ പാടില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്നും മുരളീധരൻ പ്രതികരിച്ചു.