റിയാദ്: ഇന്ത്യൻ ചരിത്രത്തെ കാവി വൽക്കരിക്കുന്നതിന്റെ ഭാഗമായി മോദിയും സംഘപരിവാരവും നടത്തിവരുന്ന ചരിത്രത്തെ പൊളിച്ചെഴുതുക എന്ന പദ്ധതിയുടെ ഭാഗമായി ധീരദേശാഭിമാനികളായ ആലി മുസ്ലിയാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുൾപ്പെടെ 387 സ്വാതന്ത്ര്യ സമര സേനാനികളെ ഐ സി എച്ച് ആർ പുറത്തിറക്കിയ പട്ടികയിൽ നിന്നും വെട്ടിമാറ്റിയത് തികച്ചും അപലപനീയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഒലയ്യ ബ്ലോക്ക് പ്രസിഡണ്ട് റഹീം കല്ലായി ആരോപിച്ചു. മുറൂജ് ബ്രാഞ്ച് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടന നിർമ്മിക്കാനും അതനുസരിച്ച് ചരിത്രം മാറ്റിമറിക്കാനും രാജ്യത്തിന്റെ ചരിത്രം ഹിന്ദുക്കളുടെത് മാത്രമാണെന്ന് വരുത്തിത്തീർക്കാനുമാണ് അണിയറയിൽ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ പോലും ചരിത്രത്തെ വികലമാക്കി കാവി വൽക്കരിച്ച് അത് കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കയാണ്.
നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ മഹനീയ സങ്കൽപ്പത്തെ മാറ്റിമറിച്ച് ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സംഘപരിവാറും പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ വിപ്ലവ പോരാളികളായ ആലി മുസ്ലിയാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയടക്കം 387 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അന്ധമായ മുസ്ലിം വിരോധമൊന്നുകൊണ്ടുമാത്രമാണ്. 1921ൽ നടന്ന മഹത്തായ മലബാർ വിപ്ലവം അതിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ആ പോരാട്ടത്തെ അവഹേളിച്ച് പോരാളികളെ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റി നിർത്തിയത് കേവലം യാദൃശ്ചികം അല്ലെന്നും സംഘപരിവാര അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രാഞ്ച് സമ്മേളനത്തിൽ മുഹമ്മദ് കോയ റിപ്പോർട്ട് അവതരിപ്പിച്ചു. റസാഖ് മാക്കൂൽ അധ്യക്ഷനായ യോഗത്തിൽ സാബിത്ത് എം സ്വാഗതവും ഷബിൻ ആർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 2021-2024 കാലയളവിലേക്കുള്ള മുറൂജ് ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട്: ഷഫീഖ് കണ്ണൂർ സെക്രട്ടറി:റസാഖ് മാക്കൂൽ, വൈ:പ്രസിഡണ്ട്:നാസർ കെ സി തൃക്കരിപ്പൂർ, ജോ:സെക്രട്ടറി:ഷെബിൻ ആർ ഇരവിപുരം, യാക്കോബ് പി പി മുക്കം എന്നിവരെ തിരഞ്ഞെടുത്തു. ഒലയ്യ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഗഫൂർ പട്ടാമ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.




