ഒമാനിൽ പ്രവാസികൾക്ക് വിസ പുതുക്കാൻ വാക്സിൻ നിർബന്ധമാക്കി

0
1003

മസ്കറ്റ്: ഒമാനിൽ പ്രവാസികളുടെ സ പുതുക്കുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി. ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രിയാണ് ഇക്കാര്യം അറിയിച്ചത്. വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിച്ചിരിക്കണമെന്നതാണ് നിബന്ധന. സെപ്തംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. ഇതേ ദിവസം തന്നെ അതിർത്തികൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ ഒമാനിൽ 19 ലക്ഷം പ്രവാസികൾ ആണുള്ളത്. ഒമാനിലെ ആകെ ജനസംഖ്യയുടെ 40 ശതമാനം ആണിത്. ഒമാനിലേക്ക് വരുന്നവർ ഒമാനിൽ അംഗീകരിക്കാത്ത വാക്സിൻ ആണ് ഒന്നാം ഡോസായി എടുത്തതെങ്കിൽ അതിൻറെ രണ്ടാം ഡോസ് നൽകാൻ ഒമാൻ ബാധ്യസ്ഥർ ആയിരിക്കില്ല എന്നും അല്‍ അബ്രി അറിയിച്ചു.

ഓക്സ്ഫഡ് ആസ്ട്രാസെനക, ഫൈസര്‍, സ്പുട്നിക്, സിനോവാക്ക്, കൊവിഷീൽഡ്‌,
സിനോഫാം, ജോൺസൺ & ജോൺസൺ, മൊഡർന എന്നി വാക്സീനുകള്‍ക്കാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്.

അതോടൊപ്പം തന്നെ 2021 തുടക്കം മുതൽ നൽകിയ വിസകളുടെ കാലാവധി ഈ വർഷാവസാനം വരെ നീട്ടി നൽകുമെന്ന്
റോയൽ ഒമാൻ പോലീസിൽ നിന്നും മേജർ ജനറൽ അബ്ദുല്ലാഹ് അൽ ഹാർത്ഥി അറിയിച്ചു. കാലാവധി ഉള്ള വിസ കൈവശം ഉള്ള പ്രവാസികൾ 6 മാസം ഒമാനിന് പുറത്താണെങ്കിലും അവരുടെ വിസ പുതുക്കി നൽകും. ഇതിനായി അവരുടെ സ്പോൺസർ അപേക്ഷ നൽകണം. സെപ്റ്റംബർ ഒന്നാം തിയതി മുതൽ എല്ലാ തരത്തിൽ ഉള്ള വിസയും നൽകി തുടങ്ങും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.