റിയാദ്: സഊദിയിൽ വെങ്കലയുഗത്തിലെ 4000 വർഷം പഴക്കമുള്ള പുരാതന കോട്ട നഗര ഗ്രാമം കണ്ടെത്തി. റോയൽ കമ്മീഷൻ ഫോർ അൽ ഉല അതോറിറ്റിയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഖൈബർ മരുപ്പച്ചയിൽ വിസ്മൃതിയിൽ മറഞ്ഞു കിടന്നിരുന്ന ഈ പുരാതന വെങ്കലയുഗ ഗ്രാമം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.
ഖൈബർ ഒയാസിസ് സ്ഥിതി ചെയ്യുന്നത് ഹരാത് ഖൈബർ അഗ്നിപർവ്വത മേഖലയുടെ അരികിലാണ്. ‘അൽ-നത’ എന്ന് വിളിക്കപ്പെടുന്ന,ഗ്രാമത്തിന്റെ ശേഷിപ്പുകൾ. കോട്ടയും നഗരവും പാർപ്പിടങ്ങൾക്കും പുറമേ ശവസംസ്‌കാര മേഖലകളുമൊക്കെയായി വ്യക്തമായി വേർതിരിച്ചിരുന്നതായി തെളിവുകൾ നൽകുന്നു. ഈ ഗ്രാമം ഏകദേശം 2400-2000 ബിസി മുതൽ 1500-1300 ബിസി വരെയും പഴക്കമുള്ളതാണ്. 2.6 ഹെക്ടർ വിസ്തൃതിയിൽ 500 ആളുകൾ വസിച്ചിരുന്നു.
15 കിലോമീറ്റർ നീളമുള്ള കൽമതിൽ ഖൈബർ മരുപ്പച്ചയെ സംരക്ഷിക്കുന്നതിനായിട്ടുണ്ട്. ‘അൽ-നത’ ഗ്രാമം മരുപ്പച്ചയുടെ വടക്കൻ അരികുകളിൽ ആയിരക്കണക്കിന് വർഷങ്ങളായി ബസാൾട്ട് പാറകളുടെ കൂമ്പാരങ്ങൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്. ഏകദേശം ആയിരം വർഷങ്ങൾക്ക് ശേഷം ഇത് ഉപേക്ഷിക്കപ്പെട്ടതാണെന്നും പുരാവസ്തും പര്യവേഷകർ പറയുന്നു.
അൽഉലയുടെ വികസനത്തിനുള്ള ഫ്രഞ്ച് ഏജൻസിയുടെയും ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിന്റെയും സഹകരണത്തോടെ റോയൽ കമ്മീഷൻ ഫോർ അൽഉലയാണ് പഠനം നടത്തിയത്. പരമ്പരാഗത ബഹുനില വീടുകളിൽ താമസിച്ചിരുന്ന ‘അൽ-നത’ ഗ്രാമത്തിലെ നിവാസികളുടെ ജീവിത സവിശേഷതകളെക്കുറിച്ചുള്ള പ്രാഥമിക ചിത്രം പഠനത്തിലൂടെ ലഭിക്കുന്നു. ആദ്യ അല്ലെങ്കിൽ രണ്ടാം നിലകളിൽ അവർ താമസിക്കുമ്പോൾ തന്നെ താഴത്തെ നില സംഭരണത്തിനായി നീക്കിവച്ചു. വീടുകൾക്കിടയിലുള്ള റോഡുകൾ ഇടുങ്ങിയതും ഗ്രാമത്തിന്റെ മധ്യഭാഗത്തേക്ക് നയിച്ചതും ആയിരുന്നു.
ഗ്രാമവാസികൾ അവരുടെ വസ്ത്രങ്ങളിൽ മുത്തുകൾ ഉപയോഗിച്ചിരുന്നു. മൺപാത്രങ്ങൾ ഉണ്ടാക്കുകയും വ്യാപാരം ചെയ്യുകയും, ലോഹങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യുകയും ധാന്യങ്ങൾ വളർത്തുകയും മൃഗങ്ങളെ വളർത്തുകയും ചെയ്തു. ഭക്ഷണക്രമം പ്രധാനമായും ചെമ്മരിയാടുകളെയും ആടുകളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഉണങ്ങിയ കല്ലും മണ്ണും ഉപയോഗിച്ച് മതിലുകൾ ഉറപ്പിച്ചിരുന്നു. പുരാതന അൽഉലയുടെയും ഖൈബറിന്റെയും സവിശേഷതകളും രഹസ്യങ്ങളും പര്യവേക്ഷണം ചെയ്തുകൊണ്ട് 2018-ൽ ആരംഭിച്ച പഠനങ്ങളുടെ പരമ്പരയിലേക്കാണ് പുതിയ കണ്ടെത്തലുകൾ കൂട്ടിച്ചേർക്കുന്നത്.





