സഊദി പ്രവേശനം; രണ്ട് ഡോസ് എടുത്ത മുഴുവൻ ഇന്ത്യക്കാർക്കും പ്രവേശനാനുമതിക്കായി ശ്രമം തുടരുന്നു: അംബാസിഡർ ഔസാഫ് സഈദ്

0
4925

റിയാദ്: ഏറ്റവും ആശ്വാസമേകുന്ന നടപടികളാണ് സഊദി ഭരണകൂടം കൈകൊണ്ടതെന്നും സഊദി ഭരണകൂടത്തിനു നന്ദി പറയുന്നതായും റിയാദിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ്. ഈ പ്രഖ്യാപനം നിരവധി മാസങ്ങളായി ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വളരെയേറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് നേരിട്ട് തിരിച്ചെത്താൻ അനുമതി നൽകിയ സഊദി നടപടിക്ക് പിന്നാലെ സഊദി ഗസറ്റിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അംബാസിഡർ.

ഏറെക്കാലമായി കാത്തിരുന്ന ഒരു തീരുമാനമാണ് ഇന്ന് പുറത്ത് വന്നത്. നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. പ്രവാസികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് ഇതിനകം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരോ അല്ലെങ്കിൽ സഊദി അറേബ്യയിൽ നിന്ന് ആദ്യ ഡോസ് വാക്സിനും ഇന്ത്യയിൽ നിന്ന് രണ്ടാമത്തെ ഡോസ് എടുത്തവരുമായ ആളുകളോ ആണെന്നും ഇവരുടെയും നേരിട്ടുള്ള പ്രവേശന അനുമതിക്കായി നിരന്തരം പരിശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സഊദി വിദേശ കാര്യ മന്ത്രാലയത്തിൽ നിന്ന് എംബസിക്ക് ഇത് സംബന്ധമായ ഒരു സർക്കുലർ ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് എടുത്തുകളയുന്നതായി അതിൽ വ്യക്തമാക്കിയിട്ടുണ്ട്. സഊദിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച താമസക്കാർ മാത്രമേ തീരുമാനത്തിന്റെ ഗുണഭോക്താക്കളാകൂവെന്നും എല്ലാ മുൻകരുതൽ നടപടികളും അവർക്ക് ബാധകമായിരിക്കുമെന്നും സർക്കുലർ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.