റിയാദ്: രാജ്യത്ത് പുതുതായി ആരംഭിക്കുന്ന ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഞ്ചു വർഷ ഫീസ് ഇളവ് പ്രഖ്യാപിച്ചു. പുതുതായി കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ മൂന്നു വര്‍ഷത്തേക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യയില്‍ നിന്ന് പുതിയ നിയമം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തേക്ക് വരിസംഖ്യയില്‍ ഇളവും ലഭിക്കും. സംരംഭകര്‍ക്കും പിന്തുണയും പ്രോത്സാഹനവുമെന്നോണം പുതിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമം നിലവില്‍വന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
കൂടാതെ, ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യയിലും വാണിജ്യ മന്ത്രാലയം ഇളവ് വരുത്തിയിട്ടുണ്ട്. നാലാം വര്‍ഷവും അഞ്ചാം വര്‍ഷവും വ്യക്തികളുടെ ഉടമസ്ഥതയിലുള്ള എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് 500 റിയാലും മൂന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കുറവ് മൂലധനവും ജീവനക്കാരുടെ എണ്ണം അഞ്ചില്‍ കവിയുകയും ചെയ്യാത്ത കമ്പനികള്‍ക്ക് 200 റിയാലുമായിരിക്കും ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യ. പുതിയ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഭീമമായ പണം ലാഭിക്കാനും ചെലവ് കുറക്കാനും വരിസംഖ്യ ഇളവ് തീരുമാനം സ്വകാര്യ മേഖലയെ സഹായിക്കും. തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് ഒരേ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പ്രകാരമുള്ള പേര് വഹിക്കുന്ന കാലത്തോളം എത്രമാത്രം ശാഖകളുണ്ടെങ്കിലും ഒരേ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ഒന്നിലധികം വരിയെടുക്കുന്ന രീതിയും പുതിയ നിയമത്തില്‍ റദ്ദാക്കിയിട്ടുണ്ട്.




