സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റും: അഡ്വ. സതീ ദേവി

ജിദ്ദ: സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റും എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി അഭിപ്രായപ്പെട്ടു. പെൺകുട്ടികളോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ രക്ഷിതാക്കൾ തയ്യാറാവണമെന്നും അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ ശേഷം മാത്രമേ വിവാഹം നടത്താവൂ എന്നും അവർ പറഞ്ഞു. ജിദ്ദ നവോദയ കുടുംബവേദി സംഘടിപ്പിച്ച ‘സ്ത്രീപക്ഷ കേരളം’ വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

ആൺകുട്ടികളെ കല്ല്യാണം നടത്തുന്നതിന് മുൻപ് കാല്യാണം കഴിച്ച പെൺകുട്ടിയെ പോറ്റാൻ പ്രാപ്തരാക്കുന്ന രക്ഷിതാക്കൾ എന്ത്കൊണ്ട് ഇതേ നിലപാട് പെൺകുട്ടികളോട് കാണിക്കുന്നില്ല എന്ന് അവർ ചോദിച്ചു. ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾ പുരുഷ മനസ്സിൽ നിന്നും മാത്രമല്ല സ്ത്രീകളുടെ മനസ്സിൽ നിന്നും മാറണമെന്നും അവർ ആവശ്യപ്പെട്ടു.

സ്ത്രീയും പുരുഷനും ഒന്നിച്ചു നിന്നാൽ മാത്രമേ കുടുംബം കെട്ടിപ്പടുക്കാൻ പറ്റൂ എന്ന ധാരണ പെൺകുട്ടികളുടേയും ആൺകുട്ടികളുടെയും മനസ്സിൽ ഉണ്ടാക്കി എടുക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം എന്ന് അവർ ഓർമ്മിപ്പിച്ചു.

ആൺകുട്ടികളെപ്പോലെ വിദ്യാഭ്യാസം നേടാനും അവളുടെ കാര്യത്തിൽ സ്വന്തമായ തീരുമാനമെടുക്കാനുമുള്ള സ്വാതത്ര്യം പെൺകുട്ടികൾക്ക് അനുവദിച്ചു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്ത്രീകളെ സഹജീവികളായി കാണാൻ ആൺകുട്ടികളെ പ്രാപ്‌തരാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾ ഏറ്റെടുക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ നമ്മുടെ നാട്ടിൽ ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് പോലോത്തെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നും സതീദേവി അഭിപ്രായപ്പെട്ടു.

വനിതാ വേദി കൺവീനർ അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡോ. ഇന്ദു ചന്ദ്ര, റെജിയ ബീരാൻ, സലീന മുസാഫിർ എന്നിവർ സംസാരിച്ചു. കുടുംബവേദി കേന്ദ്രകമ്മിറ്റി മെമ്പർമാരായ ആയിഷ അലി, സുവിജ സത്യൻ, നൂറുന്നീസ ബാവ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വനിതാവേദി ജോയിന്റ് കൺവീനർ ഹഫ്സ മുസാഫർ സ്വാഗതവും കേന്ദ്ര കമ്മിറ്റി മെമ്പർ സനൂജ മുജീബ് നന്ദിയും പറഞ്ഞു.