റഹീം കേസ്, കോടതി സിറ്റിംഗ് മാറ്റി: സഹായസമിതി പൊതുയോഗം നാളെ

0
2356

റിയാദ്: സഊദിയിൽ വധശിക്ഷ വിധിക്കപ്പെട്ട് ഒടുവിൽ വൻ തുക നൽകിയതിനെ തുടർന്ന് മോചനം വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് ആണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. നേരത്തെ ഒക്ടോബർ 17 ന് വ്യാഴാഴ്ചയായിരുന്നു സിറ്റിംഗ് അനുവദിച്ചിരുന്നത്. ഈ തിയ്യതിയാണ് നാല് ദിവസം കൂടി കഴിഞ് ഒക്ടോബർ 21 ലേക്ക് മാറ്റിയത്. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്.

പുതിയ സാഹചര്യം വിലയിരുത്താൻ അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും സാഹസമിതി  അറിയിച്ചു. മോചനത്തിന് പിന്നിൽ പ്രവർത്തിച്ച അബ്ദുറഹീം ഹീം നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ റിയാദിലെ  സംഘടനകളുടെ യോഗം നാളെ വൈകുന്നേരം ഏഴ് മണിക്ക് ബത്ഹയിലെ ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

നേരത്തെ പതിമൂന്നിന് ചേരുമെന്ന് ആയിരുന്നു അറിയിച്ചിരുന്നത്. അബ്ദുറഹീം നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ റിയാദിലെ സംഘടനകളുടെ യോഗം ചേരുന്നതെന്നും എല്ലാ സംഘടനാ പ്രതിനിധികളും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു സഹായ സമിതി അറിയിച്ചിരുന്നു. അബ്ദുറഹീം മോചനവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റും യോഗത്തിൽ വിശദീകരിക്കും.

കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ കുടുംബത്തിന് കൈമാറിയെന്നും ചെലവ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും റഹീം നിയമസഹായ സമിതി റിയാദിലെ പൊതു സംഘടനകളെ അറിയിക്കുമെന്നും നിയമ സഹായ സമിതി ഭാരവാഹികൾ കഴിഞ്ഞ മാസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റിയാദിലെ റഹിം നിയമ സഹായ സമിതി കാത്തിരുന്ന സുപ്രധാന നിയമ നടപടിയാണ് അടുത്ത സിറ്റിംഗിനുളള തീയതിലഭിക്കുക എന്നത്. പബ്ലിക് റൈറ്റ് പ്രകാരം തുടര്‍ നടപടികള്‍ എന്ത് സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് ഇ-ഫയലായി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

അതേസമയം, റഹീമിന്റെ മോചനത്തിന് പ്രോസിക്യൂഷന്‍ തടസ്സ വാദങ്ങള്‍ ഉന്നയിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് സഹായ സമിതിയും റഹീമിന്റ അഭിഭാഷകനും. അതുകൊണ്ടുതന്നെ അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷ. മോചന ഉത്തരവ് ലഭിച്ചാല്‍ അതിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റ്, പ്രിസണ്‍ ഡയറക്ടറേറ്റ്, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലേയ്ക്ക് അയക്കും. അതിന്‌ശേഷം പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. വധശിക്ഷ റദ്ദാക്കിയ വേളയില്‍ തന്നെ ഇന്ത്യന്‍ എംബസി ആറുമാസം കാലാവധിയുളള ഔട്ട്പാസ് ഇഷ്യൂ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ എക്‌സിറ്റ് നേടിയാല്‍ ഉടന്‍ റഹീമിന് രാജ്യം വിടാന്‍ കഴിയും.

നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക. റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സഊദി ബാലന്‍ അബദ്ധത്തില്‍ മരിച്ച കേസിലാണ് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്. ജയില്‍ മോചിതനായാല്‍ ജയിലില്‍ നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.