അബുദാബി: യു എ ഇ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മാലിദ്വീപ്, അർമേനിയ തുടങ്ങി ആറ് രാജ്യങ്ങളെ ഒഴിവാക്കി. ഇത്തിഹാദ് എയർവേസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ രാജ്യങ്ങൾ കൂടാതെ, ആസ്ട്രിയ, ഇസ്രാഈൽ, ഇറ്റലി, യു.എസ്.എ എന്നീ രാജ്യങ്ങളെയും ഗ്രീൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേയിസ് അറിയിച്ചു. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ അബുദാബിയിലെത്തുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ല. ഈ സൗകര്യമാണ് ഈ രാജ്യങ്ങളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് മൂലം ഇവിടങ്ങളിൽ കൂടി കറങ്ങിയെത്തുന്ന പ്രവാസികൾക്ക് നഷ്ടമാകുന്നത്.
ഇതോടെ, യു എ ഇ യിൽ എത്താനായി നിലവിൽ അർമേനിയ, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ എത്തിയവർ വെട്ടിലായി. നിരവധി ഇന്ത്യക്കാരാണ് അർമേനിയ, മാലിദ്വീപ് വഴി യു.എ.ഇയിലേക്കെത്തുന്നത്. യു.എ.ഇ യാത്ര വിലക്ക് നീക്കിയെങ്കിലും അർമേനിയൻ, മാലിദ്വീപ് പാക്കേജ് നേരത്തെ ബുക്ക് ചെയ്ത പലരും ഇപ്പോഴും അർമേനിയയിലും മാലിദ്വീപിലും ക്വാറൻറീനിൽ കഴിയുന്നുണ്ട്. ഇവർക്ക് ഇവിടെ നിന്ന് തിരിച്ചാൽ വീണ്ടും യു എ ഇ യിൽ എത്തിയാൽ ക്വാറന്റീനിൽ കഴിയേണ്ടി വരും. നിലവിൽ 14 ദിവസം അർമേനിയയിലോ മാലിദ്വീപിലോ ക്വാറൻറീനിലിരുന്നവർക്ക് ആകെ 20 ദിവസത്തോളം ക്വാറൻറീനിൽ കഴിയേണ്ട അവസ്ഥയാണ്. നേരത്തെ അർമേനിയ, മാലിദ്വീപ് വഴി എത്തിയാൽ ക്വാറൻറീൻ നിർബന്ധമില്ലായിരുന്നു.
വാക്സിനെടുക്കാത്ത റെസിഡൻറ് വിസക്കാരും സന്ദർശകരും പത്ത് ദിവസം ക്വാറൻറീനിൽ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുമ്പോൾ പി.സി.ആർ പരിശോധന നടത്തുന്നതിന് പുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്സിനെടുത്തവർക്ക് ഏഴ് ദിവസം ക്വാറൻറീൻ മതി. ആറാം ദിവസം പി.സി.ആർ പരിശോധനയും നടത്തണം.
നിലവിൽ അൽബേനിയ, ഓസ്ട്രേലിയ, ബഹ്റൈൻ, ബെൽജിയം, ബ്രൂണൈ, ബൾഗേറിയ, കാനഡ, ചൈന, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഹോങ്കോംഗ്, ഹംഗറി, മാൾട്ട, മൗറീഷ്യസ്, മോൾഡോവ, ന്യൂസിലാന്റ്, പോളണ്ട്, റിപ്പബ്ലിക്ക് ഓഫ് അയർലൻഡ്, റൊമാനിയ, സഊദി അറേബ്യ, സെർബിയ, സീഷെൽസ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്വാൻ, ഉക്രെയ്ൻ തുടങ്ങിയ 28 രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിലുള്ളത്.




