ലൈംഗികാതിക്രമം ചെറുത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി; സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

0
1266

ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ സ്കൂൾ പ്രിൻസിപ്പൽ ആറു വയസ്സുള്ള വിദ്യാർഥിനിയെ കൊലപ്പെടുത്തി. ലൈംഗികാതിക്രമം ചെറുത്തതിനെ തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഗോവിന്ദ് നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദാഹോദ് ജില്ലയിലെ സിംഗ്വാദ് താലൂക്കിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ ആറ് വയസുള്ള വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തെരച്ചിലിൽ സ്കൂൾ പരിസരത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടി അന്നേദിവസം സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സഹപാഠികളും അധ്യാപകരും പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിൻസിപ്പൽ അറസ്റ്റിലാകുന്നത്.

രാവില 10.20ന് അമ്മയോടൊപ്പം പോവുകയായിരുന്നു പെണ്‍കുട്ടിയെ അതുവഴി വന്ന പ്രിൻസിപ്പലിന്‍റെ കാറിൽ സ്കൂളിലേക്ക് അയക്കുകയായിരുന്നു. പോകുന്ന വഴി പ്രിൻസിപ്പൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ നിലവിളി തടയാനായി കുട്ടിയുടെ വായും മൂക്കും പൊത്തി. ഇതോടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

സ്കൂളിലെത്തിയ പ്രിൻസിപ്പൽ വൈകിട്ട് സ്കൂൾ വിടുന്നത് വരെ കുട്ടിയുടെ മൃതദേഹം കാറിൽ സൂക്ഷിച്ചു. തുടർന്ന് അഞ്ച് മണിയോടെ മൃതദേഹം സ്കൂൾ കെട്ടിടത്തിന് പിന്നിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ സ്കൂൾ ബാഗും ചെരിപ്പും ക്ലാസ്‌ റൂമിൽ വെയ്ക്കുകയും ചെയ്തു. കേസില്‍ കൂടുതല്‍ മൊഴികളും തെളിവുകളും പരിശോധിക്കുകയാണ് പൊലീസ്.