ജിദ്ദ: ജിദ്ദയിൽ കൊല്ലപ്പെട്ട കോട്ടക്കൽ വലിയ പറമ്പ് പാപ്പായി സ്വദേശി നമ്പ്യാടത്ത് കുഞ്ഞാലവിയുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം റുവൈസ് മഖ്ബറയിൽ ഖബ്റടക്കി. ജിദ്ദയിൽ അൽ മംലക എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന കുഞ്ഞലവി സ്ഥാപനത്തിന്റെ കളക്ഷൻ പണവുമായി വാഹനത്തിൽ വരുന്നതിനിടെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
മയ്യിത്ത് പരിപാലനത്തിന് ജിദ്ദ കെഎംസിസി വെൽഫയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ കെഎംസിസി പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സ്പോൺസർ, സഹപ്രവർത്തകർ, നാട്ടുകാർ എന്നിവരും സംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ് പാളയാട്ട്, സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ തുടങ്ങിയവരും സംബന്ധിച്ചു.
പരേതന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. വൃദ്ധയായ മാതാവ് ഉൾപ്പെടെയുള്ള കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. അവധിക്ക് നാട്ടിൽ പോവാൻ ഒരുങ്ങുന്നതിനിടെയാണ് കുഞ്ഞലവി കൊല്ലപ്പെട്ടത്. ഇതോടെ ഈ കുടുംബം തീർത്തും അനാഥമായിരിക്കുകയാണ്.




