ഇഖാമയും റീ എൻട്രിയും പുതുങ്ങുന്നതും കാത്ത് ആയിരക്കണക്കിന് പ്രവാസികൾ

0
2702

റിയാദ്: വിമാന വിലക്ക് മൂലം സഊദിയിലേക്ക് വരാനാകാതെ വിദേശങ്ങളിൽ കുടുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾ രാജ പ്രഖ്യാപനത്തിൽ കണ്ണും നട്ട് കാത്തിരിക്കുന്നു. ഇത്തരം ആളുകളുടെ ഇഖാമയും റീ എൻട്രിയും സൗജന്യമായി പുതുക്കുമെന്ന സൽമാൻ രാജാവിന്റെ പെരുന്നാൾ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിനു പ്രവാസികളാണ് പ്രതീക്ഷയോടെ കഴിയുന്നത്. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടിട്ടും ഇത് വരെ ആർക്കും പുതുക്കി തുടങ്ങിയിട്ടില്ല.

ഓഗസ്ത് 31 വരെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കി നൽകുമെന്നാണ് രാജ കല്പനയിൽ അറിയിച്ചിരുന്നത്. എന്നാൽ ഇഖാമയും റീ എൻട്രിയും എന്നു മുതലായിരിക്കും പുതുക്കുക എന്നതിനെ സംബന്ധിച്ച് ഇത് വരെ ഒരു സൂചനയും ലഭ്യമല്ല. എന്നാൽ, പുതിയ തീരുമാനപ്രകാരം പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും ഓട്ടോമാറ്റിക് ആയി പുതുങ്ങുമെന്ന് മാത്രമാണ് ജവാസാത് മറുപടി നൽകുന്നത്. നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ സഹായത്തോടെ ഓട്ടോമാറ്റിക് ആയി ഇവ പുതുക്കുമെന്നും അതിനായി പ്രത്യേക കാര്യങ്ങൾ ചെയ്യേണ്ടെന്നുമാണ് ജവാസാത് മറുപടി നൽകിയിരിക്കുന്നത്. ഏത് സമത്തും ഓട്ടോമാറ്റിക് ആയി ഇവ പുതുങ്ങാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതിനകം തന്നെ സഊദിയിലേക്ക് മടങ്ങേണ്ടവരിൽ ബഹുഭൂരിഭാഗവും സ്വന്തമായി പണം നൽകി സ്പോൺസർമാരോട് ആവശ്യപ്പെട്ടു പുതുക്കിയിട്ടുണ്ട്. രാജാകാരുണ്യ പ്രഖ്യാപനം കാത്തിരിക്കാൻ കഴിയാതെ ഉടൻ സഊദി പ്രവേശനം വേണ്ടവരാണ് സ്വന്തമായി പുതുക്കുന്നത്. മറ്റു രാജ്യങ്ങൾ വഴി സഊദിയിലേക്ക് കടക്കാനായി കാത്തിരിക്കുന്ന ഇവർ പുതുങ്ങുന്നതും കാത്ത് ഒടുവിൽ അവസാന നിമിഷങ്ങളിൽ ആണ് പണമടച്ചു പുതുക്കുന്നത്. വിദേശ രാജ്യങ്ങളിൽ നേരത്തെ സ്റ്റാമ്പ് ചെയ്ത ഉപയോഗിക്കാത്ത സന്ദർശക വിസ സെപ്റ്റംബർ 30 വരെ നീട്ടി നൽകുമെന്ന വിദേശകാര്യ മന്ത്രാലയ പ്രഖ്യാപനം പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, ഇഖാമ, റീ എൻട്രി എന്നിവയും അത് പോലെ സെപ്റ്റംബർ 30 വരെ നീട്ടി നൽകിയേക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്.