കൃത്രിമ മഴയുമായി സഊദി അറേബ്യ, അഞ്ച് മുതൽ 20 ശതമാനം വരെ മഴ വർധിപ്പിക്കും

0
3823

റിയാദ്: രാജ്യത്ത് കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതി. നാഷനൽ സെൻറർ ഓഫ് മെട്രോളജിയുടെ (എൻ.സി.എം) നേതൃത്വത്തിൽ ദക്ഷിണ സഊദിയിലെ അസീർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ കൃത്രിമ മഴ പെയ്യിക്കുക. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ക്ലൗഡ് സീഡിങ് പദ്ധതിക്ക് സഊദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മരുഭൂമിയിൽ ജലലഭ്യത ഉറപ്പിക്കുക, പരമാവധി ഉറവകൾ സജീവമാക്കുക, പുതിയവ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മേഘങ്ങളെ മഴക്കാറുകളാക്കി മാറ്റുന്ന (cloud seeding) പക്രിയയിലൂടെ കൃത്രിമ മഴ പെയ്യിപ്പിക്കുന്നത്. പ്രത്യേക രാസപദാർഥങ്ങൾ എയർക്രാഫ്റ്റ് ജെറ്റുകൾ വഴി അന്തരീക്ഷത്തിൽ വിതറി സാദാ മേഘങ്ങളെ മഴമേഘങ്ങളാക്കി മാറ്റുന്നതാണ് ഈ പ്രക്രിയ.

വരുംവർഷങ്ങളിൽ അഞ്ച് മുതൽ 20വരെ ശതമാനം മഴയുടെ തോത് ഇങ്ങനെ കൂട്ടാനാവുമെന്നാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പ്രകൃത്യാ വലിയ ജലദൗർലഭ്യമുള്ള രാജ്യങ്ങളൊന്നാണ് സഊദി അറേബ്യ. ചില ഭാഗങ്ങളിൽ അരുവികൾ പോലെയുള്ള ജല സ്രോതസുകൾ ഉണ്ടെങ്കിലും വ്യാപകമായ നദികളും തടാകങ്ങളും പോലുള്ള സ്ഥിരമായ ജലസ്രോതസ്സുകളും ഭൂരിഭാഗം സ്ഥലങ്ങളിലും ഇല്ല.

കാർബണ്ഡൈ ഓക്സൈഡിെൻറ ഖരരൂപമായ ഡ്രൈ ഐസ്, സോഡിയം ക്ലോറൈഡ് പോലുള്ള പരിസ്ഥിതി സൗഹൃദ ജൈവവസ്തുക്കൾ എന്നിവ മേഘങ്ങളിൽ വിതറി കാലാവസ്ഥാ വ്യതിയാനമുണ്ടാക്കി മഴ ഉണ്ടാക്കുന്ന വിദ്യയാണ് ‘ക്ലൗഡ് സീഡിങ്’. മേഘങ്ങളുടെ അടിയിലൂടെ വിമാനംപറത്തി പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം എന്നീ രാസപദാർഥങ്ങളുടെ കൂട്ടിക്കലർത്തിയാലുണ്ടാകുന്ന ജ്വാലകൾ വമിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ്ങിൽ പ്രക്രിയയിൽ ചെയ്യുന്നത്. മിശ്രിതം മേഘങ്ങളിലെ ജലബാഷ്പത്തെ മഴയായി വീഴാൻ പ്രാപ്തമായ വെള്ളത്തുള്ളിയാകാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് എൻ.സി.എമ്മിലെ റിസർച്ച് ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ യാസർ ജലാൽ പറഞ്ഞു.

മേഘങ്ങളുടെ തരങ്ങൾ അനുസരിച്ച് സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ ചില മാറ്റങ്ങൾ വരുത്തും. കുറഞ്ഞചെലവിൽ നടപ്പാക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ വഴി നല്ല മഴ പെയ്യിപ്പിച്ച് അണക്കെട്ടുകളിലും ജലസംഭരണികളിലും വെള്ളത്തിെൻറ തോത് വർധിപ്പിക്കാനും ജലസുരക്ഷ ഉയർത്താനും സാധിക്കും.