സഊദിയിൽ കുട്ടികൾക്ക് വിനോദ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം

0
1363

റിയാദ്: രാജ്യത്ത് വിനോദ പരിപാടികളിൽ കുട്ടികൾക്ക് പങ്കെടുക്കാൻ അനുവാദം നൽകി. പൊതു ആരോഗ്യ അതോറിറ്റി “വിഖായ”യുമായി ഏകോപനം നടത്തിയാണ് കൊറോണ തടയുന്നതിനുള്ള മുൻകരുതലുകൾ പാലിച്ച് വിനോദ പരിപാടികളിൽ 12 വയസിനു താഴെയുള്ള കുട്ടികൾക്ക് അനുമതി നൽകിയത്. മാനദണ്ഡങ്ങൾ പാലിച്ച് തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിലാണ് കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം നൽകുക.

പൂർണ്ണ വാക്സിൻ കുത്തിവെപ്പ് എടുത്ത രക്ഷിതാക്കൾക്കൊപ്പമാണ് കുട്ടികളെ അനുവദിക്കുക. എന്നാൽ, പനി പോലുള്ള രോഗലക്ഷണങ്ങൾ ഇവർക്ക് ഉണ്ടാകാൻ പാടില്ല.

അതേസമയം, അടച്ചിട്ട സ്ഥലങ്ങളിൽ അഥവാ ഇൻഡോർ കേന്ദ്രങ്ങളിൽ നടക്കുന്ന വിനോദ പരിപാടികളിൽ കുട്ടികൾക്കുള്ള വിലക്ക് തുടരും. ഇൻഡോർ കേന്ദ്രങ്ങളിൽ കുട്ടികളെ തടയുന്നത് തുടരുമെന്നും വിനോദ പരിപാടികളിൽ പ്രവേശനം കുത്തിവയ്പ് എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശണമെന്ന് അധികൃതർ അറിയിച്ചു.

തവക്കൽന ആപ്ലിക്കേഷനിലെ ഇമ്യൂൺ സ്റ്റാറ്റസ് അനുസരിച്ച് മാത്രമായിരിക്കും വിനോദ പരിപാടികൾക്കുള്ള പ്രവേശനം അനുവദിക്കുകയെന്നും തുറന്ന കേന്ദ്രങ്ങളിൽ നടക്കുന്ന വിനോദ പരിപാടികളിൽ പങ്കെടുക്കാൻ 40 ശതമാനം ആളുകളെ അനുവദിക്കുമെന്നും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു .

ആരോഗ്യ നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ അറിയാൻ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ഈ ലിങ്കിൽ കയറാവുന്നതാണ്. https://www.gea.gov.sa/media/3027/events-safety-protocols.pdf