മാലിദ്വീപ് വഴി ഇനി വരുന്ന പ്രവാസികൾ ഇക്കാര്യം സൂക്ഷിക്കണം, എങ്കിൽ പ്രതിസന്ധി തരണം ചെയ്യാം

0
6177

കോഴിക്കോട്: സഊദിയിലേക്കടക്കം വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് വരാനായി മാലിദ്വീപ് ഇടത്താവളമായി ലക്ഷ്യമാക്കുന്ന പ്രവാസികൾ ഇനി യാത്ര ചെയ്യും മുമ്പ് ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുരിതത്തിൽ നിന്ന് ഒരു പരിധി വരെ ഒഴിവാകാമെന്നു അനുഭവസ്ഥർ. മാലിദ്വീപ് വഴിയുള്ള പ്രവാസി യാത്ര പ്രതിസന്ധിയിലായ വാർത്ത പുറത്ത് വരുമ്പോഴും പലരും എങ്ങനെയെങ്കിലും മാലിദ്വീപ് വഴി സഊദിയിലെക്ക് എത്തിച്ചേരാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതിനകം തന്നെ പാക്കേജുകൾ വാങ്ങിയവരും ടിക്കറ്റുകൾ എടുത്ത് കാത്തിരിക്കുന്നവരും പൂർണ്ണ വ്യക്തത കൈവന്ന ശേഷം യാത്ര പുറപ്പെട്ടാൽ അവിടെയെത്തുമ്പോഴുള്ള ദുരിതം ഒഴിവാക്കാനാകും.

നിലവിൽ മാലിദ്വീപിൽ എത്തിയ ശേഷം അനുഭവപ്പെടുന്ന താമസ സംവിധാനത്തിലെ സൗകര്യങ്ങളാണ് ഏവരെയും പ്രതിസന്ധിയിലാക്കുന്നത്. നാട്ടിൽ നിന്ന് ട്രാവൽസിൽ നിന്നുള്ള പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞ ചിലവിൽ പാക്കേജുകൾ തിരഞ്ഞെക്കുന്നതും വിനയാകുന്നുണ്ട്. അതിലുപരി കൺഫോം ആണെന്ന് പറഞ്ഞു ലഭിക്കുന്ന ഹോട്ടൽ ബുക്കിങ് വൗച്ചറുമായി ഇറങ്ങുന്നവർക്ക് ഹോട്ടലുകൾ ലഭിക്കാതെ പോകുന്നതും മാലിദ്വീപിലെ ഏജന്റുമാർ കാല് വാരുന്നതും പ്രതിസന്ധി തീർക്കുന്നുണ്ട്.

ഇത് ഒഴിവാക്കാനായി ഓൺലൈൻ വഴി സ്വന്തമായി ഹോട്ടൽ ബുക്കിങ് നടത്തി കൺഫോം ചെയ്തു യാത്ര ക്രമീകരിക്കാവുന്നതാണ്. എന്നാൽ, സാധാരണ നിലയിൽ ട്രാവൽസുകൾ മൊത്തത്തിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ആനുകൂല്യം ഇവിടെ ലഭിക്കില്ല. ഉയർന്ന വില തന്നെ നൽകേണ്ടി വരും. ഉയർന്ന വില നൽകിയാലും ഇങ്ങനെ ബുക്ക് ചെയ്യുന്ന ഹോട്ടലുകൾ ഒരിക്കലും നഷ്ടപ്പെടില്ലെന്നാണ് ഈ മേഖലയിലെ അനുഭവസ്ഥർ പറയുന്നത്.

ട്രാവൽസ് ഏജൻസികളിൽ നിന്ന് പാക്കേജുകൾ വാങ്ങിയവർക്കും തങ്ങളുടെ താമസ സൗകര്യം യാത്ര പുറപ്പെടും മുമ്പ് ഒരു പരിധി വരെ ഉറപ്പിക്കാനാകും. റൂം ഇല്ലാത്തതിനാൽ കൂടുതൽ ആളുകളെ ഒരേ സ്ഥലത്ത് കുത്തിനിറക്കുകയാണ് ഇപ്പോൾ. ആദ്യം തന്നെ ട്രാവൽസുകൾ പ്രീ ബുക്ക് ചെയ്യുകയാണ് സാധാരണ ചെയ്യുന്നത്. അതിനാൽ തന്നെ യാത്രക്കാർ റൂം ബുക്കിങ് കൺഫോം ചെയ്യുന്നതാണ് ഏറ്റവും ഉചിതം. താമസ സൗകര്യത്തിനായി ലഭിക്കുന്ന ഹോട്ടൽ ബുക്കിങ് വൗച്ചറിലെ നമ്പറിൽ ഹോട്ടലുമായി ബന്ധപ്പെട്ടു ഉറപ്പ് വരുത്തിയാൽ താമസ സൗകര്യത്തിൽ ഉറപ്പ് വരുത്താനാകും. ഏത് വൗച്ചറുകളിലും അവിടെ ബന്ധപ്പെടാനുള്ള നമ്പർ ഉണ്ടാകും. ഈ നമ്പറിൽ നിലവിൽ മാലിയിൽ എത്തിയ ആളുകൾ മുഖേനയോ നേരിട്ടോ വിളിച്ച് ഉറപ്പ് വരുത്തുന്നത് നല്ലതായിരിക്കും.

കൂടാതെ, ടിക്കറ്റ് നിരക്കിലെ വൻ വർധനവും യാത്ര പ്രതിസന്ധിയിലാക്കുന്നുണ്ട്. മാലിദ്വീപിൽ നിന്ന് സഊദിയിലേക്കുള്ള ടിക്കറ്റ് നിരക്കാണ് ഓരോ ദിവസവും കുത്തനെ ഉയരുന്നത്. മാലി സഊദി സെക്റ്ററിൽ ടിക്കറ്റ് നിരക്ക് ഇതിനകം തന്നെ ലക്ഷത്തിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ട്. അവസാന സമയം ടിക്കറ്റെടുക്കാമെന്നു വെച്ച് നിൽക്കുന്നവരും അടിയന്തിരമായി എത്തണമെന്ന ലക്ഷ്യത്തിൽ പെട്ടെന്ന് തന്നെ പാക്കേജുകൾ എടുക്കുന്നവർക്കും ഇത് കടുത്ത തിരിച്ചടിയായിരിക്കും. അതിനാലാണ് പല ട്രാവൽസുകളുംടിക്കറ്റ് ഒഴികെയുള്ള പാക്കേജ് നിരക്ക് പ്രഖ്യാപിക്കുന്നത്.