തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. പ്രതിയെത്തിയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞതോടെ കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്. വ്യക്തിപരമായ വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
പരിക്കേറ്റ ഷിനിയുടെ വീടിനു സമീപത്തായി കാർ നിർത്തിയ ശേഷം പ്രതി ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. അക്രമത്തിന്‍റെ ദൃശ്യങ്ങളും ലഭ്യമല്ല. ഇതോടെയാണ് കാർ പോയ വഴിക്കുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് തേടിയത്. ഒട്ടേറെ ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു.
ഷിനിയുടെ വീടുള്ള റസിഡൻഷ്യൽ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തിൽ മാത്രമാണ് കാർ കൃത്യമായി പതിഞ്ഞത്. കാറിൽ പതിപ്പിച്ചിരുന്ന നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ആ സാധ്യതയും അടഞ്ഞു. ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്‍റെ നമ്പറാണ് അക്രമിയുടെ കാറിൽ പതിപ്പിച്ചിരുന്നത്.





