സഊദിയിൽ സ്കൂൾ തുറക്കുമ്പോൾ കാന്റീൻ, രക്ഷിതാക്കളുടെ സന്ദർശനം എന്നിവക്ക് നിരോധനം, കൂടുതൽ കാര്യങ്ങൾ അറിയാം

0
1717

റിയാദ്: സഊദിയിൽ കൊവിഡ് കാലത്തിനിടെ അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകൾ തുറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക നടപടിക്രമങ്ങൾ നടപ്പാക്കൊനൊരുങ്ങി സഊദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികൾ ക്ളാസുകളിൽ എത്തുമ്പോൾ കൂടിച്ചേരലുകൾ ഒഴിവാക്കുന്നതിനുള്ള നടപടികളാണ് പ്രാബല്യത്തിൽ വരുത്തുന്നത്. ഇതിന്റെ ഭാഗമായി നേരത്തെയുണ്ടായിരുന്ന പല കാര്യങ്ങൾക്കും നിരോധനം ഉണ്ടാകും. ക്യൂ സംവിധാനങ്ങൾ, കായിക പ്രവർത്തനങ്ങൾ, സ്കൂൾ കാന്റീനുകളിൽ നിന്ന് ഭക്ഷണം വാങ്ങൽ തുടങ്ങിയവക്ക് നിരോധനം ഉണ്ടാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്ലാസ്റൂമിൽ വിദ്യാർത്ഥികൾക്ക് കഴിക്കാൻ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം നൽകുക, വാട്ടർ കൂളറുകൾ റദ്ദാക്കുക, വിദ്യാർത്ഥി സ്വന്തം വാട്ടർ ബോട്ടിൽ കൊണ്ടുവരാൻ നിർബന്ധിക്കുക എന്നിവയാണ് കാന്റീൻ അടയ്ക്കുന്നതിനുള്ള ബദൽ സംവിധജനമായി പ്രാബല്യത്തിൽ വരുത്തുക. എല്ലാ സ്കൂൾ സംവിധാനങ്ങളും സ്ഥിരമായി അണുനശീകരണം നടത്തും, ഫിസിക്കൽ എഡ്യൂക്കേഷൻ ക്ളാസുകൾ ഉപേക്ഷിക്കും, ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കപ്പെട്ടാൽ അഞ്ചു ദിവസം വരെ പഠനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ആരോഗ്യ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് രണ്ടാഴ്ച വരെ ഇത് നീട്ടി വെക്കുമെന്നും ചൂണ്ടി കാട്ടി.

മുൻകരുതൽ നടപടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ സ്കൂൾ ഉപകരണങ്ങൾ കൈമാറുന്നതിന് നിരോധനം ഉണ്ടാകും. മാതാപിതാക്കൾ സ്കൂളിൽ സന്ദർശിക്കുന്നതിന് വിലക്കെർപ്പെടുത്തും. അത്യാവശ്യ ഘട്ടങ്ങളിൽ അവർക്ക് സ്‌കൂളിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായാൽ അവരെ സ്വീകരിക്കാൻ അനുയോജ്യമായ സ്ഥലം അനുവദിക്കും തുടങ്ങിയ നിർദേശങ്ങളാണ് ഉണ്ടാക്കുകയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.