തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാജ്യത്തെ രണ്ടാം റാങ്ക് കാരിയായ അനുകുമാരിയായിരിക്കും (2018 ബാച്ച്) ഇനി തിരുവനന്തപുരത്തിന്റെ കലക്ടര്‍. ഹരിയാന സോനി പഠ് ആണ് സ്വദേശം. 1986 ല്‍ ജനനം. സമ്പന്നമല്ലാത്ത ജാട്ട് ഹിന്ദു കുടുംബം. രണ്ട് വയസുളള മകന്‍ വിയാനെ നീണ്ട ഒരു വര്‍ഷം പിരിഞ്ഞിരുന്ന് ഐ.എ.എസിനു തയ്യാറെടുത്ത അനുകുമാരി രണ്ടാം റാങ്ക് നേടിയപ്പോള്‍ ദേശീയ മാധ്യമങ്ങളെല്ലാം അന്നത് ആഘോഷിച്ചിരുന്നു. അനു കുമാരിയുടെ ത്യാഗം അംഗീകരിച്ച ഹരിയാന സര്‍ക്കാര്‍, ബേട്ടി ബചാവോ ബേട്ടി പഠാവോ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയാണ് അന്ന് അംഗീകാരമുദ്ര ചാര്‍ത്തിയത്.
എം.ബി.എക്ക് ശേഷം കോര്‍പറേറ്റ് മേഖലയില്‍ വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഐ.എ.എസിന്റെ കര്‍മഭൂമിയിലിറങ്ങാന്‍ പ്രേരണ കൊടുത്തത് സഹോദരന്‍. ഭര്‍ത്താവ് വരുണ്‍ ദല്‍ഹിയില്‍ ബിസിനസ്‌കാരന്‍. അദ്ദേഹവും വേണ്ടത്ര പിന്തുണ നല്‍കി. ഒന്നാം ശ്രമത്തില്‍ പ്രിലിമിനറി കടക്കാനായിരുന്നില്ല. അമ്മക്കായി വഴിക്കണ്ണുമായി കാത്തിരിക്കുന്ന രണ്ടര വയസുകാരനായിരുന്നു ഈ കാലം മുഴുവന്‍ മനസില്‍.
ഐ.ടി. മിഷന്‍ ഡയരക് ടറായിരിക്കെയാണ് കലക്ടറാകുന്നത്. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം ഡവലപ്പ്‌മെന്റ് കമ്മീഷണറായ പരിചയം അനുകുമാരിക്ക് തുണയാകും. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ജോലിയും തുടരും. തിരുവനന്തപുരത്ത് വെള്ളക്കെട്ട് ദുരന്തത്തിന്റെ സാഹചര്യത്തില്‍ ഭരണമേല്‍ക്കുന്ന കലക്ടറുടെ മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. വനിത മേയര്‍ ആര്യാ രാജേന്ദ്രന്‍ ചെന്ന്‌പെട്ട പ്രതിസന്ധി കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വഴി കേരളമാകെ കണ്ടതാണ്.
എല്ലാം അടുക്കിലും ചിട്ടയിലും മുന്നോട്ട് നീക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നിര്‍വഹിക്കാനുള്ള തെന്നറിയാമെന്ന് അനുകൂ മാരി പറയുന്നു. നഗരത്തിലെ മാലിന്യ തോട്ടില്‍ ജോയ് എന്ന തൊഴിലാളി മരിച്ചതു പോലുള്ള ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു കലക്ടര്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ലായിരിക്കാം.
ലഭിക്കുന്ന ഫയലുകളിലെല്ലാം അതിവേഗം തീരുമാനമെടുക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുളള അനു കുമാരിയുടെ നിലപാട് ചെറിയ തോതിലെങ്കിലുമുള്ള മാറ്റം കൊണ്ടുവരാതിരിക്കില്ല. തലശ്ശേരി സബ് കലക്ടറായിരിക്കെ അനു കുമാരിയുടെ പ്രവര്‍ത്തനങ്ങള്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തലശേരിയില്‍ നിന്ന് പറന്നുയര്‍ന്ന സിവില്‍ സര്‍വീസുകാര്‍ നിരവധിയുണ്ട്.





