മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പിതാവിന് 96 വർഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും

0
2095

മഞ്ചേരി: മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വർഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി. പന്ത്രണ്ട് വയസുകാരനായ മകനെ അതിക്രമത്തിനിരയാക്കിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ 42-കാരനെയാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്.

പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നൽകണമെന്നും നിർദേശമുണ്ട്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 18 സാക്ഷികളെ വിസ്തരിച്ചു.

പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്കയച്ചു. 2022 ഏപ്രിൽ 14-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുറത്ത് പോയ മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോൾ കുട്ടിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. അരിക്കോട് പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന സി വി ലൈജു മോൻ, അബ്ബാസലി, സബ് ഇൻസ്‌പെക്ടർ എം കബീർ എന്നിവരാണ് അന്വേഷണം നടത്തിയത്.