തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കൊവിഡ് ബാധിച്ചു മരണമടഞ്ഞ മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് വഴി സഹായം നൽകുന്നു. ഇത്തരത്തിലുള്ളവർക്ക് 25,000 രൂപ ഒറ്റതവണ ധനസഹായമാണ് നൽകുകയെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. അ ർഹരായവർ www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്.
സഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. മരിച്ച രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കൊവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കൊവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്/ കൊവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന്, പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്ക് പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.




