ദുബൈ: ഇസ്റാഈൽ ഉടമസ്ഥതിയിലുള്ള എണ്ണടാങ്കറിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു ടാങ്കർ ജീവനക്കാർ കൊല്ലപ്പെട്ടു. ഒമാൻ തീരത്ത് വ്യാഴാഴ്ചയാണ് ഇസ്റാഈൽ ഉടമസ്ഥതയിലുള്ള സോഡിയാക് മാരിടൈമിന്റെ പെട്രോൾ ടാങ്കറിന് നേരെ ആക്രമണം ഉണ്ടായത്. ടാങ്കർ ജീവനക്കാരായ ബ്രിട്ടീഷ്, റുമേനിയ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈം കമ്പനി ഇസ്റാഈലി ശതകോടീശ്വരനായ ഇയാൽ ഒഫാറിെൻറ ഉടമസ്ഥതയിലുള്ളതാണ്. ലൈബീരിയൻ പതാകയുള്ള കപ്പലായ മെർസർ സ്ട്രീറ്റിന് നേരെ അറബിക്കടലിൽ നടന്ന ആക്രമണം ഇപ്പോഴും അന്വേഷിച്ചുവരികയാണെന്ന് ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് കപ്പൽ കമ്പനി വെബ്സൈറ്റിൽ പറഞ്ഞു.
അതേസമയം, സംഭവത്തിന് പിന്നിൽ ഇറാൻ ആണെന്ന ആരോപണവുമായി ഇസ്റാഈൽ രംഗത്തെത്തിയിട്ടുണ്ട്. പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ഇസ്റാഈൽ ഉദ്യോഗസ്ഥനു പുറമെ ഡ്രോൺ ഉപയോഗിച്ച് കപ്പലിനെ ഇറാൻ ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്റാഈൽ ചാനൽ 13 ടിവിയും റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ കടൽക്കൊള്ളയാണെന്ന് വിവരിച്ചിരുന്നെങ്കിലും സമുദ്ര സുരക്ഷാ വിവരങ്ങൾ നൽകുന്ന യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറയുന്നത് ഇത് കടൽക്കൊള്ളയല്ല എന്നാണ്. “സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, യുകെഎംടിഒയുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും സമ്പന്നരായ ഇസ്റാഈൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് കമ്പനി പറഞ്ഞു.
ആക്രമിക്കപ്പെടുമ്പോൾ ഒമാൻ തുറമുഖമായ ദുഖ്മിൽ നിന്ന് വടക്കുകിഴക്കായി 152 നോട്ടിക്കൽ മൈൽ (280 കിലോമീറ്റർ) അകലെയായിരുന്നുകപ്പൽ. കപ്പലിലെ ചരക്കുകളെ കുറിച്ചോ സംഭവിച്ച നാശ നഷ്ടങ്ങളെ കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റെഫിനിറ്റിവ് കപ്പൽ ട്രാക്കിംഗ് അനുസരിച്ച് കപ്പൽ ടാൻസാനിയയിലെ ഡാർ എസ് സലാമിൽ നിന്ന് യുഎഇ എണ്ണ ടെർമിനൽ നിലകൊള്ളുന്ന ഫുജൈറയിലേക്ക് പോയതയായാണ് രേഖപ്പെടുത്തുന്നത്.
ഇറാനുമായുള്ള 2015 ലെ ആണവ കരാറിൽ നിന്ന് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവാങ്ങിയതിനു പിന്നാലെ 2018 ൽ അമേരിക്ക ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. തന്ത്രപ്രധാനമായ ഗൾഫ് സമുദ്രത്തിലെ കപ്പൽ ഗതാഗതത്തിനെതിരായ നിരവധി ആക്രമണങ്ങൾക്ക് ഇറാനാണ് പിന്നിലെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളിൽ ഇറാനും ഇസ്റാഈലും കപ്പലുകൾ ആക്രമിച്ചതായി പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങൾ ഗൾഫ് മേഖലയെ കൂടുതൽ പ്രക്ഷുബ്ധമാക്കുമെന്നാണ് നിരീക്ഷകർ നൽകുന്ന സൂചന.




