ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകള്‍ പുതുക്കി ഇന്‍ഡിഗോ എയർ

0
2731

കോഴിക്കോട്: ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാര്‍ വാക്‌സിനെടുത്തവരാണെങ്കിലും ക്വാറന്റീന്‍ വേണമെന്ന് വ്യക്തമാക്കി ഇന്‍ഡിഗോ വിമാന കമ്പനി. ഖത്തറില്‍ നിന്ന് വാക്‌സിനെടുക്കുകയോ 12 മാസത്തിനുള്ളില്‍ കൊവിഡ് വന്ന് ഭേദമാവുകയോ ചെയ്തവരാണെങ്കില്‍ ഖത്തറിലെത്തിയാൽ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. രണ്ടാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാക്കും. ഇത്തരം യാത്രക്കാരുടെ കൈയില്‍ ചുരുങ്ങിയത് രണ്ട് ദിവസത്തെ ക്വാറന്റീന്‍ ഹോട്ടല്‍ ബുക്കിങിനുള്ള രേഖ ആവശ്യമാണെന്നും അറിയിപ്പില്‍ പറയുന്നു. ഡിസ്‌കവര്‍ ഖത്തര്‍ വഴിയാണ് ക്വാറന്റീന്‍ ബുക്കിങ് നടത്തേണ്ടത്.

എന്നാൽ, വിദേശങ്ങളിൽ നിന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് വാക്‌സിനെടുത്തവരാണെങ്കില്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനിൽ കഴിയണം. ഇത്രയും ദിവസത്തിനായുള്ള ഹോട്ടല്‍ ബുക്കിങ് രേഖ കൈയില്‍ കരുതണം. വാക്‌സിനെടുക്കാത്തതോ ഭാഗികമായി വാക്‌സിനെടുത്തതോ വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാകാത്തവരോ ആയ യാത്രക്കാരും കൂടെ വരുന്ന കുട്ടികളും 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. യാത്രക്കാർ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

അതേസമയം, 17 വയസ്സ് വരെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികളെ രക്ഷിതാക്കള്‍ രണ്ടുപേരും വാക്‌സിനെടുത്തിട്ടുണ്ടെങ്കില്‍ കൂടെ യാത്ര ചെയ്യാന്‍ അനുവദിക്കും. എന്നാൽ, ഇവരും 10 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം. ഗര്‍ഭിണികള്‍, രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള മുലയൂട്ടുന്ന അമ്മമാര്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തിന്റെ ക്ലാസിഫിക്കേഷന് അനുസരിച്ച് ഹോം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.