ആശ്വാസം……. ഖത്തറിൽ നിന്ന് ആദ്യ മലയാളി സഊദിയിലിറങ്ങി

0
9768

റിയാദ്: സഊദി പ്രവാസികൾക്ക് ആശ്വാസമേകി ഓൺ അറൈവൽ വിസയിൽ ഖത്തറിൽ എത്തിയ ആദ്യ സഊദി പ്രവാസി സഊദിയിൽ ഇറങ്ങി. കോഴിക്കോട് മുക്കം ചേന്ദമംഗലൂർ സ്വദേശി ജംഷീദ് റഹ്‌മാൻ ആണ് ഇന്ന് രാത്രി ഒൻപതരയോടെ ദോഹയിൽ നിന്ന് ജിദ്ദയിൽ ഇറങ്ങിയത്. ഇതോടെ മലയാളികൾ കാത്തിരുന്ന ഖത്തറിൽ നിന്നുള്ള സഊദി പ്രവേശനം യാതൊരു തടസങ്ങളും കൂടാതെ നടക്കുമെന്ന് വ്യക്തമായി. ഖത്തറിലെത്തിയ ആയിരത്തിലേറെ വരുന്ന സഊദി പ്രവാസികൾക്കും യാത്ര പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിനു പ്രവാസികൾക്കും പ്രതീക്ഷയായാണ് ജംഷീദ് സഊദിയിൽ ഇറങ്ങിയത്.

ഓൺ അറൈവൽ വിസയിൽ ജൂലൈ 14 ന് ഖത്തറിലെത്തിയ ഇദ്ദേഹം ഇവിടെ 14 ദിവസം പൂർത്തിയാക്കിയതോടെയാണ് ഇന്ന് സഊദിയിലേക്ക് പറന്നത്. സഊദിയിൽ യാതൊരു തടസങ്ങളും കൂടാതെ തന്നെ പുറത്തിറങ്ങിയതായി ഇദ്ദേഹം മലയാളംപ്രസുമായി പങ്കുവെച്ചു. സഊദിയുടെ തവക്കൽന ആപ്ലിക്കേഷനിൽ ‘ഇമ്യൂൺ സ്റ്റാറ്റസും’ ഉറപ്പാക്കിയിരുന്നതിനാൽ ക്വാറൻറീൻ ഇല്ലാതെതന്നെ പുറത്തിറങ്ങാൻ കഴിഞ്ഞു. സഊദി എമിഗ്രെഷനിൽ തടസങ്ങൾ ഒന്നും ഉണ്ടായില്ലെന്നും തിയ്യതികൾ ഒത്തു നോക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇദ്ദേഹത്തിന് പുറമെ ഇന്ന് അർദ്ധ രാത്രിയോടെ മലയാളി സംഘം തന്നെ സഊദിയിൽ ഇറങ്ങുന്നുണ്ട്. സഊദിയിലെ ത്വാഇഫിൽ ജോലിചെയ്യുന്ന മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്ദുൽ റസാഖ്, പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ ഷറഫുദ്ദീൻ, ബഷീർ എന്നിവരാണ് ഇന്ന് രാത്രി ദോഹയിൽ നിന്ന് സഊദിയിൽ ഇറങ്ങുന്നത്. ഇന്നു രാത്രി 12.40ന് ഖത്തർ എയർവേസ് വിമാനത്തിലാണ് സഊദിയിലേക്ക് പറക്കുന്നത്.

നിലവിൽ ഖത്തറിൽ നിന്ന് സഊദിയിലേക്ക് യാത്രാ തടസങ്ങളൊന്നും ഇല്ലെങ്കിലും സഊദിയിലേക്ക് ഇന്ത്യക്കാർ പ്രവേശിക്കുന്നത് കാത്തിരിക്കുന്നത് ആയിരക്കണക്കിന് പ്രവാസികളാണ്. ഇതിനു ശേഷം യാത്ര സജ്ജീകരിക്കാം എന്ന കരുതി കാത്ത് നിൽക്കുന്നവരും ഉണ്ട്. നിലവിൽ ഖത്തറിൽ സഊദി പ്രവാസികൾക്ക് പുറമെ, ഒമാൻ, യു എ ഇ പ്രവാസികളും പ്രവേശനത്തിന് മുന്നോടിയായി കാത്തിരിക്കുന്നുണ്ട്. സങ്കീർണമായ നടപടിക്രമങ്ങളോ, സാമ്പത്തിക ഭാരമോ ഇല്ലാതെ ഖത്തറിലെത്തി രണ്ടാഴ്ച പിന്നിട്ടാൽ, ലക്ഷ്യത്തിലെത്താമെന്ന പ്രതീക്ഷയിൽ 14 ദിവസത്തിനിടെ ആയിരക്കണത്തിന് പ്രവാസികളാണ് ദോഹയിലെത്തിയത്. ഇവരെല്ലാം, വരും ദിനങ്ങളിൽ അവരവരുടെ സ്വന്തം ജോലി രാജ്യങ്ങളിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്.

ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ഉൾപ്പെടെ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിൻെറ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കൊവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധന ഫലം, രേഖകൾ യാത്രക്ക് 12 മണിക്കൂർ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത അനുമതി, അക്കൗണ്ടിലോ കൈവശമോ 5,000 റിയാലോ തത്തുല്യമായ തുകയോ ഉണ്ടാകണം എന്നീ ഉപാധികളാണ് ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിലെത്താനായി യാത്രക്കാർക്കുള്ള നിർദേശം.

സഊദി വാർത്തകൾക്ക്👇

https://chat.whatsapp.com/CZkLridlAEp49tjNhFzyEI