മദ്യ ലഹരിയില്‍ സഹയാത്രക്കാരനോട് അപമാര്യാദയായി പെരുമാറി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ മദ്യ ലഹരിയില്‍ ട്രെയിനിലെ യാത്രക്കാരോട് അപമാര്യാദയായി പെരുമാറിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം.

യാത്രക്കാരന്റെ പരാതിയില്‍ ട്രെയിന്‍ തിരുപ്പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലായ പ്രതികള്‍ ട്രെയിനിലിരുന്ന് യാത്രക്കാരെ അസഭ്യം പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആറ് യുവാക്കള്‍ സംഘത്തില്‍ ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ പരാതി. എന്നാല്‍ രണ്ട് പേരെയാണ് പിടികൂടാനായത്. പിടിയിലായവരില്‍ ഒരാള്‍ 17 വയസുകാരനാണ്. ഈറോഡില്‍ നിന്നാണ് യുവാക്കള്‍ ട്രെയിനില്‍ കയറിയതെന്നും അപ്പോള്‍ മുതല്‍ മറ്റ് യാത്രക്കാരെ ഇവര്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്നും പരാതി നല്‍കിയ മണികണ്ഠന്‍ പറയുന്നു. യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയായിരുന്നു എന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

മണികണ്ഠന്‍ സഹോദരിക്കും ഭാര്യയ്ക്കും 14 ദിവസം പ്രായമായ മകള്‍ക്കുമൊപ്പമാണ് ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തിരുന്നത്. ഇവര്‍ക്ക് നേരെ യുവാക്കള്‍ അസഭ്യ വര്‍ഷം നടത്തുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കളെ അറസ്റ്റ് ചെയ്ത ശേഷം റെയില്‍വെ പൊലീസ് അസഭ്യം പറഞ്ഞതിനും ആക്രമിച്ചതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.