റിയാദ്: സഊദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവാർഡ് നേടി ശ്രദ്ധേയമായി മലയാളി ഫോട്ടോഗ്രാഫർ. റിയാദിലെ ഫോട്ടോഗ്രാഫര്‍ ആയ നൗഷാദ് കിളിമാനൂര്‍ ആണ് ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സഊദി പരിസ്ഥിതി മന്ത്രാലയം നടത്തിയ മത്സരത്തിൽ അവാർഡ് നേടിയത്. റിയാദില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി സഹമന്ത്രി മന്‍സൂര്‍ അല്‍ ഹിലാല്‍ അല്‍ മുശൈത്തി അവാര്‍ഡ് സമ്മാനിച്ചു.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ നൗഷാദ് അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനും കൂടിയാണ്. സഊദി പരിസ്ഥിതി ജലകാര്‍ഷിക മന്ത്രാലയം മത്സരത്തിലൂടെ തെരഞ്ഞെടുത്ത മികച്ച എട്ട് ഫോട്ടോ വീഡിയോ ഗ്രാഫര്‍മാരില്‍ വിദേശിയായി തെരഞ്ഞെടുക്കപ്പെട്ടത് നൗഷാദിന്റെ ചിത്രം മാത്രമായിരുന്നു. ആയിരത്തി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ നിന്നാണ് ഈ അപൂര്‍വചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.
റിയാദിലെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഷട്ടര്‍ അറേബ്യ നടത്തുന്ന വരാന്ത്യ ഫോട്ടോ പരിപാടികള്‍ക്കിടെ ലഭിച്ച അറേബ്യന്‍ കുറുനരിയുടെ അപൂര്‍വചിത്രമാണ് നൗഷാദിനെ അവര്‍ഡിന് അര്‍ഹനാക്കിയത്. നിരവധി പേർ നൽകിയ ഫോട്ടോകളിൽ നിന്ന് ശ്രദ്ധേയമായ ഫോട്ടോകളാണ് ആദ്യം തിരഞ്ഞെടുത്തത്. സജീനയാണ് നൗഷാദിന്റെ ഭാര്യ. നൗഫല്‍, നൗഫിദ മക്കളാണ്.




