സഊദി പൗരന്മാർക്ക് അന്താരാഷ്ട്ര യാത്രക്ക് പൂർണ്ണ വാക്‌സിനേഷൻ നിർബന്ധം; ഗാക സർക്കുലർ പുറത്തിറക്കി

0
1480

റിയാദ്: സഊദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാർ വാക്‌സിനേഷൻ പൂർണ്ണമായും സ്വീകരിച്ചവരായിരിക്കണമെന്ന് നിർദേശം. സഊദി സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച് രാജ്യത്ത് സർവ്വീസ് നടത്തുന്ന വിമാന കമ്പനികൾക്ക് നിർദേശം നൽകി. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിലെ സഊദി പൗരന്മാർക്ക് വാക്‌സിനേഷൻ കോഴ്‌സ് പൂർണ്ണമാണോ എന്ന് പരിശോധിക്കുകയും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ബോർഡിങ് പാസ് നൽകാവൂ എന്നുമാണ് നിർദേശം നൽകിയത്.

രാജ്യത്ത് അംഗീകരിച്ച കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകളുടെ എല്ലാ ഡോസുകളും ലഭിച്ചവർക്കാണ് അനുമതി നൽകുക. എന്നാൽ, 12 വയസ്സിന് താഴെയുള്ള യാത്രക്കാർക്ക് കൊവിഡ് ഇൻഷുറൻസ് ഉണ്ടെങ്കിലും അനുവാദം നൽകും. വൈറസ് ബാധിക്കുകയും രാജ്യത്ത് അംഗീകൃത വാക്സിനുകളിൽ ഒരു ഡോസ് സ്വീകരിച്ചവർക്കും യാത്ര അനുവദിക്കാമെന്ന് സർക്കുലറിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്ത്യ ഉൾപ്പെടെ സഊദി യാത്രാ വിലക്കുള്ള രാജ്യങ്ങളിലെക്ക് പൗരന്മാർ പോകരുതെന്നും ലംഘിക്കുന്നവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.