ഖത്തറിലേക്കുള്ള സഊദി പ്രവാസികളെ വട്ടം കറക്കി എയർലൈൻസ്, സഊദി പ്രവാസികൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ യാത്ര മുടങ്ങിയേക്കും

0
5683

കോഴിക്കോട്: ഖത്തറിലേക്കുള്ള സഊദി യാത്രക്കാരെ വട്ടം കറക്കി വിമാനകമ്പനികൾ. സഊദിയിലേക്കുള്ള യാത്രക്കായി ഖത്തറിലേക്ക് പോകുന്നതിനായി എയർപോർട്ടുകളിൽ എത്തിയ യാത്രക്കാരെയാണ് ഖത്തർ റിയാലിന് പകരം കൈവശമുള്ളത് സഊദി റിയാലാണെന്ന കാരണത്താൽ വട്ടം കറക്കുന്നത്. ഒടുവിൽ യാത്ര തന്നെ മുടങ്ങുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്‌തതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തുകയും ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി 12:45 നുള്ള ഇൻഡിഗോ വിമാനത്തിൽ ഖത്തറിലേക്ക് പോകാനായി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെയാണ് വിമാന കമ്പനി വെള്ളം കുടിപ്പിച്ചത്.

നിലവിൽ ഖത്തറിൽ വന്നിറങ്ങുന്ന സന്ദർശക വിസക്കാരുടെ കൈവശം അയ്യായിരം ഖത്തർ റിയാലോ അതിന്ന് സമാനമായ വിദേശ കറൻസികളോ ഇത്രയും തുകയ്ക്കുള്ള അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യമായ ബാങ്ക് കാർഡുകളോ കൈവശം ഉണ്ടാകണമെന്നാണ് ചട്ടം. എന്നാൽ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില വിമാനകമ്പനികൾ സഊദി യാത്രക്കാരുടെ കൈവശമുള്ള സഊദി റിയാൽ സ്വീകരിക്കില്ലെന്ന് നിലപാടെടുത്തതാണ് ചിലർക്ക് വിനയായത്. കൂടെയുള്ള യാത്രക്കാർ ബാങ്ക് കാർഡുകളും ഖത്തർ റിയാലും കാണിച്ചപ്പോൾ കൈവശമുള്ള പണം എണ്ണിനോക്കി ചിട്ടപ്പെടുത്തിയ ശേഷമാണു ബോർഡിങ് പാസുകൾ ഇഷ്യു ചെയ്തത്. ഇതേ സമയം സഊദിയിലേക്കുള്ള യാത്രക്കാരിൽ ചിലരുടെ പക്കൽ അയ്യായിരം ഖത്തർ റിയാലിന് സമാനമായ സഊദി റിയാൽ ആയിരുന്നു ഉണ്ടായിരുന്നത്.

ഇത് സ്വീകരിക്കില്ലെന്ന് വിമാന കമ്പനി ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ ഇവരുടെ യാത്ര അനിശ്ചിതത്വലിലാകുകയായിരുന്നു. ഇവരോട് ഖത്തർ റിയാലോ സമാനമായ ഇന്ത്യൻ രൂപയോ ഡോളറോ എത്തിക്കണമെന്ന് നിർദേശമാണ് വിമാനക്കമ്പനി മുന്നോട്ട് വെച്ചത്. ഇതേ തുടർന്ന് ഇവർ വിമാനത്താവളത്തിലെ മണി എക്സ്ചേഞ്ചിൽ ചെന്നപ്പോൾ പാൻകാർഡ് കൈവശം ഇല്ലാത്തതിനാൽ ഒരാൾക്ക് അമ്പതിനായിരം ഇന്ത്യൻ രൂപ മാത്രമേ ഇത്തരത്തിൽ മാറി നൽകുകയുള്ളുവെന്നാണ് അറിയിച്ചത്. ഇതോടെ ഇവിടെയും ഇവർക്ക് നിരാശയായിരുന്നു ഫലം. ഇതേസമയം ഇവർ ബന്ധുക്കളിലും സുഹൃത്തുക്കളിലും മറ്റും ബന്ധപ്പെട്ട റിയാലുകളോ ഡോളറോ സംഘടിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. പ്രതിസന്ധി വിശദീകരിച്ച് കൊണ്ടോട്ടി എം എൽ എ യെ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ വിമാനത്തിൽ കയറുന്നതിന്റെ പത്ത് മിനിറ്റ് മുമ്പ് ഇവരെ യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.

യഥാർത്ഥത്തിൽ ഖത്തറിൽ അയ്യായിരം റിയാലിന് സമാനമായ തുക കൈവശം ഉണ്ടായിരിക്കണമെന്ന് മാത്രമാണ് ചട്ടം. ഇക്കാര്യം മനസിലാക്കാതെയോ യാത്രക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് കരുതിയോ ആണ് വിമാനക്കമ്പനി ഉദ്യോഗസ്ഥർ ഈ കടും പിടുത്തം നടത്തുന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഖത്തർ വിമാനത്താവളത്തിലും ഖത്തറിൽ ഉടനീളവും സഊദി റിയാൽ സ്വീകരിക്കുമെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തിയെങ്കിലും വിമാനക്കമ്പനി ഉദ്യോഗസ്ഥർ ഇവരുടെ പിടിവാശിയിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല.