ന്യൂഡല്‍ഹി: പൂനെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം.
ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച്ച വൈകുന്നേരം അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും പരുക്കുകളൊന്നും ഇല്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ ഭാഗത്തും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു.
വിമാനം നിലത്ത് ചലിപ്പിക്കാന്‍ ഉപയോഗിച്ച ടഗ് ട്രക്ക് വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന്, അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു.
യാത്രക്കാരെ ഉടന്‍ തന്നെ ഇറക്കി ഡല്‍ഹിയിലേക്കുള്ള മറ്റൊരു വിമാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ 858 വിമാനം അറ്റകുറ്റ പണികള്‍ക്കായി മാറ്റിയതായും അധികൃതര്‍ അറിയിച്ചു. കൂട്ടിയിടിയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ഡിജിസിഎ അറിയിച്ചു.



