ഖത്തർ ഗൾഫ് പ്രവാസികളുടെ യാത്രാ ഹബ്ബ് ആകുന്നു, നിലവിൽ ഈ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ഖത്തറിലെത്തിക്കഴിഞ്ഞു

0
2922

ദോഹ: വിവിധ ഗൾഫ് രാജ്യങ്ങൾ പ്രവേശന കവാടങ്ങൾ അടക്കുകയും ഖത്തറിലേക്കുള്ള യാത്രാമാർഗം തുറക്കുകയും ചെയ്തതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസികയുടെ യാത്രാ ഹബ്ബായി ഖത്തർ മാറുന്നു. നിലവിൽ സഊദി ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആയിരക്കണക്കിന് പ്രവാസികൾ ഖത്തറിൽ ക്വാറന്റൈനിലായി എത്തിക്കഴിഞ്ഞിട്ടുണ്ട്. സഊദി പ്രവാസികൾ അടുത്ത ദിവസങ്ങളിലായി ക്വാറന്റൈൻ പൂർത്തീകരിച്ച് സഊദിയിലേക്ക് പ്രവേശനം നേടിത്തുടങ്ങുകയും ചെയ്യും. ഇക്കഴിഞ്ഞ പന്ത്രണ്ടിന് ഖത്തറിൽ എത്തിയ സഊദി പ്രവാസികളാണ് അടുത്ത ദിവസങ്ങളിലായി സഊദിയിലേക്ക് പ്രവേശിക്കാനിരിക്കുന്നത്.

സഊദി അറേബ്യയെ കൂടാതെ, ഒമാൻ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും ഇപ്പോൾ ഖത്തറിൽ എത്തിച്ചേർന്നിട്ടുണ്ട്. നൂറുകണക്കിന് മലയാളികൾ ഇതിനകം തന്നെ ഇവിടെയുണ്ട്. 14 ദിവസം ഖത്തറിൽ തങ്ങിയവരുടെ ആദ്യ ബാച്ച് മറ്റ് തടസങ്ങളില്ലെങ്കിൽ അടുത്തയാഴ്ച ഒമാനിൽ എത്തുമെന്ന് കരുതുന്നു. ഖത്തർ ഓൺ അറൈവൽ വിസ പുനഃസ്ഥാപിച്ചതോടെയാണ് ഖത്തർ ഇടത്താവളമായത്. 14 ദിവസം ഖത്തറിൽ തങ്ങിയശേഷമാണ് സഊദി, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെക്ക് പ്രവാസികൾക്ക് പ്രവേശിക്കാൻ കഴിയുക. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് ഉൾപ്പെടെ ലക്ഷം രൂപക്ക് മുകളിൽ രണ്ടു ലക്ഷം വരെയാണ് ചിലവ്.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഒന്നര വര്ഷത്തോളമായി സഊദി വിലക്ക് ഏർപ്പെടുത്തിയിട്ട്. എന്നാൽ, ഇക്കഴിഞ്ഞ ഏപ്രിൽ അവസാനം മുതലാണ് ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നീണ്ടതോടെ അർമേനിയ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ വഴി നിരവധി സഊദിയിലും ഏതാനും പേർ മറ്റു രാജ്യങ്ങളിലും തിരികെയെത്തിയിരുന്നു. കൂടുതൽ പേരും ആഗസ്റ്റ് ആദ്യത്തോടെയോ അവസാനത്തോടെയോ യാത്രാ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ തുടരുന്നത്. കുവൈത് വിദേശികൾക്ക് വിലക്ക് നീക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രാ വിലക്ക് നീക്കാത്ത പക്ഷം എളുപ്പവഴിയെന്ന നിലയിൽ ഖത്തർ വഴി ഒമാനിലേക്കും സഊദിയിലേക്കും കൂടുതൽ പ്രവാസികൾ എത്തുമെന്നാണ് കരുതുന്നത്. നിരവധി ട്രാവൽ ഏജൻസികൾ ഖത്തർ വഴിയുള്ള പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഖത്തറിൽ ഓൺ അറൈവൽ വിസക്ക് വാക്സിനേഷൻ നിർബന്ധമാണ്. ഖത്തറിലെ ഇഹ്തിറാസ് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ, 5,000 ഖത്തർ റിയാൽ കൈവശമോ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ കരുതണമെന്നാണ് നിബന്ധന. അതേസമയം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വാക്സിൻ എടുക്കാത്തവർക്കും ഖത്തറിലേക്ക് പ്രവേശന അനുമതിയില്ല. ഇത് പ്രവാസികളെ വലക്കുന്നുണ്ട്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചാലും 14 ദിവസം കഴിഞ്ഞ് മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ.