ന്യൂഡൽഹി: കൊവിഡ് മൂലം വിദേശങ്ങളിൽ 3,570 ഇന്ത്യക്കാർ മരിച്ചതായി കണക്കുകൾ. ഇവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരണപ്പെട്ടത് സഊദി അറേബ്യയിലും ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറവ് മരണം ഖത്തറിയുമാണ്. 1,154 ഇന്ത്യക്കാരാണ് സഊദി അറേബ്യയിൽ മരണപ്പെട്ടതെന്നാണ് ഇന്ത്യൻ ഗവണ്മെന്റ് കണക്കുകൾ വ്യക്തമാക്കുന്നത്. യുഎഇയിൽ 894 ഇന്ത്യക്കാരും മരണപ്പെട്ടതായി സർക്കാർ രാജ്യസഭയെ അറിയിച്ചു. കുവൈത്തിൽ 546, ഒമാനിൽ 384, ബഹറിനിൽ 196, ഖത്തറിൽ 106 ഇന്ത്യക്കാർ എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിൽ വെച്ച് മരണപ്പെട്ട ഇന്ത്യക്കാർ എന്നാണ് കണക്കുകൾ. എഴുപത് വിദേശ രാജ്യങ്ങളിൽ വെച്ച് ഇന്ത്യക്കാർ കൊവിഡ് ബാധിച്ച് മരണപ്പെതായും കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡ് -19 മൂലം വിദേശത്ത് മരണമടഞ്ഞവരുടെ കുടുംബങ്ങളോട് അഗാധമായ സഹതാപം പ്രകടിപ്പിക്കുന്നുവെന്നും വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്തുകയും മൃതദേഹങ്ങൾ ഇന്ത്യയിലേക്കോ പ്രാദേശിക ശ്മശാനത്തിലേക്കോ കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നുവെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ഇതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 30 വരെ ‘വന്ദേ ഭാരത് മിഷൻ’ പ്രകാരം 60,92,264 ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിച്ചു. ഇന്ത്യയ്ക്ക് 27,116 ഓക്സിജൻ സിലിണ്ടറുകളും 29,327 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 885 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും വിദേശത്ത് നിന്ന് ലഭിച്ചു. 33,30,187 ഫവിപിരാവിർ, 11,06,940 റെംഡെസിവിർ കൊവിഡ് മരുന്നുകളും ഇന്ത്യയ്ക്ക് ലഭിച്ചതായതും കേന്ദ്ര സർക്കാർ അറിയിച്ചു. .




