ഇന്ത്യയിലെ ഡെൽറ്റ വകഭേദം, സഊദിയിലേക്ക് ഉടൻ വിമാന സർവ്വീസ് പുനഃസ്ഥാപിക്കില്ല

0
4878

റിയാദ്: ഇന്ത്യയിൽ നിന്ന് സഊദിയിലേക്കുള്ള വിമാന സർവ്വീസ് ഉടൻ പുനഃസ്ഥാപിക്കില്ലെന്ന് സൂചന. ഇന്ത്യയിലെ ഡെൽറ്റ വകഭേദം രൂക്ഷമായ സാഹചര്യത്തിൽ അതിനെ വളരെ ആശങ്കയോടെയാണ് സഊദി അറേബ്യ നോക്കിക്കാണുന്നത്. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ കൊവിഡ് വകഭേദം വളരെ അപകടം നിറഞ്ഞതാണെന്നും ഇന്ത്യയിൽനിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണക്കുകൂട്ടലുകൾ മാറ്റിമറിക്കുകയാണെന്നും മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു.

സഊദി ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരിയാണ് ഇന്ത്യൻ വകഭേദത്തെ കുറിച്ച് ആശങ്കക്കിട നൽകുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ, ഇന്ത്യയിലെ സ്ഥിതി വിശേഷത്തിൽ ആശങ്കയോടെ നോക്കിക്കാണുന്ന സഊദി അറേബ്യ അടുത്തൊന്നും വിമാന സർവ്വീസ് പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. ഇന്ത്യൻ വകഭേദം വളരെ ഗൗരവമായി തന്നെയാണ് മന്ത്രാലയം നോക്കിക്കാണുന്നതെന്നതിനാൽ ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പുനർ വിചിന്തനത്തിന് മന്ത്രാലയം മുതിരുമോ എന്നതാണ് ഇനി അറിയേണ്ടത്. അല്ലെങ്കിൽ ഇന്ത്യൻ വകഭേദത്തെ പിടിച്ചു കെട്ടുന്നത് വരെ വിമാന സർവ്വീസ് അനന്തമായി നീളാനാണ് സാധ്യത.

നേരത്തെ പ്രവാസികളുടെ പ്രതീക്ഷ മുഴുവൻ ബലിപെരുന്നാൾ കഴിയുന്നതോടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഓഗസ്റ്റ് അവസാനം വരെ നാട്ടിൽ കുടുങ്ങിയവർക്ക് റീ എൻട്രിയും ഇഖാമയും പുതുക്കി നൽകാൻ രാജാവ് ഉത്തരവിട്ടതോടെ വിമാന സർവ്വീസ് സാധ്യത മങ്ങിയിരുന്നു. അതിനിടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തൽ. ഇതോടെ ഇനി അടുത്ത സമയത്തൊന്നും ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് ഉണ്ടാകുമെന്ന പ്രവാസികളുടെ പ്രതീക്ഷകളെ ഊതിക്കെടുത്തുകയാണ്.

ഇന്ത്യയിലെ കൊവിഡ് വകഭേദം അപകടം, വൈറസ് ബാധയേറ്റവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം