ഒരാഴ്ച്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കനാലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി

0
2768

ദമാം: സഊദിയിലെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് എട്ടു ദിവസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ദമാമിന് സമീപം നാബിയയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ കൊല്ലം ബീച്ച് വാർഡിൽ കടപ്രം പുറംപോക്കിൽ ജോസഫ് ജോൺസന്റെ (46) മൃതേദഹമാണ് തൊട്ടടുത്ത കനാലിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം താമസിച്ചിരുന്ന മുറിയുടെ പിന്നിലുള്ള കനാലിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സഹവ്രർത്തകനായ യു.പി സ്വദേശി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹത്തിന് അപസ്മാരത്തിെൻറ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നുണ്ട്. ഏഴ് വർഷമായി നാബിയയിലെ ഒരു ഇസ്തിറാഹയിൽ ജീവനക്കരനായിരുന്ന ജോസഫിന് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അപസ്മാരം ഉണ്ടാകുമായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ഒരു മാസം മുമ്പ് അപസ്മാരമുണ്ടായി വീണതിനെ തുടർന്ന് ജോസഫിെൻറ കൈ ഒടിഞ്ഞിരുന്നു. അത് സുഖമായതിന് ശേഷം ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും ജോലിയിൽ കയറിയത്. കാണാതായ ദിവസം തന്നെ അന്വേഷണങ്ങൾക്കൊടുവിൽ പൊലീസിലും പരാതിപ്പെട്ടിരുന്നു.

കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പരിസരത്തെ കെട്ടിടത്തിൽ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കനാലിന്റെ വരമ്പിൽ നിൽക്കുന്നതും താഴേക്ക് വീഴുന്നതും വരെയുള്ള സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വീഴാൻ തുടങ്ങുേമ്പാൾ കൈവരിയിൽ പിടിക്കാൻ ശ്രമിക്കുന്നതും പിടികിട്ടാതെ കനാലിലേക്ക് വീഴുന്നതും കാണുന്നുണ്ട്. കനാലിൽ നിൽക്കുന്ന വേളയിൽ അപസ്മാരം ഉണ്ടായതാകണം എന്നാണ് നിഗമനം. സ്വിമ്മിങ് പൂളുകളിലേതുൾപ്പടെ രാസവസ്തുക്കൾ കലർന്ന വെള്ളം ഒഴുക്കിവിടുന്ന കനാൽ ആയതിനാൽ അതിൽ കിടന്ന് മൃതദേഹം കൂടുതൽ ജീർണിച്ചിട്ടുണ്ട്.

കഴിഞ്ഞ അവധിക്ക് നാട്ടിൽ വന്നപ്പോൾ വിവഹം ഉറപ്പിച്ചതാണെന്നും രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തി വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നെന്നും റിയാദിലുള്ള ബന്ധു അറിയിച്ചു. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ജോൻസൻ ആൻറണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകനാണ്. തോമസ്, ജെസ്സിൻ, ജെയിൻ, മേരിക്കുട്ടി എന്നിവരാണ് മറ്റ് സഹോദരങ്ങൾ.