റിയാദ്: രാജ്യത്തെ ജനജീവിതത്തെ സ്വാധീനിക്കുന്ന തവക്കൽന ആപ്ലിക്കേഷൻ വീണ്ടും പരിഷ്‌കരിച്ചു. രാജ്യത്ത് അരങ്ങേറാനിരിക്കുന്ന വിവിധ വിനോദപരിപാടികൾക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഭ്യമാകുന്നതടക്കമുള്ള പുതിയ കാര്യങ്ങളാണ് ആപ്ലിക്കേഷനിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ‘തവക്കൽന’മൊബൈൽ ആപ്ലിക്കേഷൻ വഴി ഇനി രാജ്യത്തെ വിവിധ വിനോദ പരിപാടികളുടെ ടിക്കറ്റുകളും വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാനാകും. കരാർ പ്രകാരം, ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി അംഗീകരിച്ച ടിക്കറ്റ് സേവന ദാതാക്കളെ ‘തവക്കൽന’ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും.
വിനോദ പരിപാടികളിലേക്ക് സന്ദർശകരെ ആകർഷിക്കാനും വേഗത്തിൽ പ്രവേശനം അനുവദിക്കാനുമെല്ലാം പുതിയ പദ്ധതി സഹായിക്കും. കൊവിഡ് മഹാമാരിക്ക് ശേഷം വിവിധ വിനോദ പരിപാടികളിലും പ്രവർത്തനങ്ങളിലുമെല്ലാം സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയ സംഭാവന നൽകുന്നതിന് പുതിയ കരാർ വഹിക്കുന്ന പങ്ക് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ശൈഖ് ഊന്നിപ്പറഞ്ഞു.
ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ബോർഡ് ഓഫ് ചെയർമാൻ തുർക്കി അൽശൈഖിന്റെയും സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേധാവി ഡോ: അബ്ദുല്ല അൽഗാമിദിയുടെയും നിർദേശത്തെത്തുടർന്ന് അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബഫറാത്തും ‘തവക്കൽന’ആപ്ലിക്കേഷൻ സി.ഇ.ഒ എൻജി. അബ്ദുല്ല അൽ ഇസ്സ എന്നിവരാണ് റിയാദിൽ വെച്ച് ഇതുസംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പുവെച്ചത്.