മക്ക: ലോക മുസ്‌ലിംകളുടെ സിരാ കേന്ദ്രമായ വിശുദ്ധ മക്കയിലെ കഅ്ബയിലെ കിസ്‌വ മാറ്റി. ഇന്ന് സുബ്ഹി നിസ്‌കാരത്തിന് മുന്നോടിയായാണ് ചടങ്ങുകൾ ആരംഭിച്ചത്. വർഷത്തിൽ ഒരു തവണ മാറുന്ന ചടങ്ങാണ് ഈ വർഷം അറഫാ സംഗമ ദിനത്തിൽ നടന്നത്. ആദ്യം നിലവിലെ കിസ്‌വ പൂർണ്ണമായും ശേഷമാണ് പുതിയത് അണിയിച്ചത്. മസ്‌ജിദുൽ ഹറാം കാര്യാലയ മേധാവികളുടെ നേതൃത്വത്തിൽ കിസ്‌വ ഫാക്ടറി ഉദ്യോഗസ്ഥരും ഹരം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കിസ്‌വ അണിയിക്കൽ ചടങ്ങ് നടത്തിയത്. പുതിയ കിസ്‌വ അണിയിച്ച ശേഷവും പഴയതു പോലെ മൂന്നു മീറ്റർ താൽകാലികമായി ഉയർത്തി കെട്ടുകയും ഈ ഭാഗം രണ്ടു മീറ്റർ ഉയരത്തിൽ തൂവെള്ള പട്ടു തുണി കൊണ്ട് മറച്ചിട്ടുമുണ്ട്.
മക്കയിലെ അൽജൂദ് പരിസരത്ത് സ്ഥിതിചെയ്യുന്ന ജനറൽ പ്രസിഡൻസിയുടെ കിംഗ് അബ്ദുൽ അസീസ് സമുച്ചയത്തിലാണ് കഅ്ബയെ പുതപ്പിക്കുന്നതിനുള്ള ആവരണം നിർമ്മിച്ചിരിക്കുന്നത്. 670 കിലോഗ്രാം കറുത്ത സിൽക്ക്, 120 കിലോഗ്രാം സ്വർണ്ണ ത്രെഡ്, 100 കിലോഗ്രാം സിൽവർ ത്രെഡ് എന്നിങ്ങനെ നിശ്ചിത അനുപാതമനുസരിച്ച് കറുത്ത ചായം പൂശിയ പ്രത്യേക പ്രകൃതി സിൽക്ക് ഉപയോഗിച്ചാണ് നിർമ്മാണം.
ഒമ്പത് മാസത്തോളമെടുത്ത് നിർമ്മിക്കുന്ന ഒരു കിസ്‌വക്ക് 20 മില്ല്യൺ റിയാലാണ് നിർമ്മാണച്ചിലവ്. സാധാരണ രീതിയിൽ അറഫ ദിനത്തിൽ മക്കയിൽ തിരക്ക് തീരെയില്ലാതിരുന്നത് ചടങ്ങുകൾ നടത്താൻ ഏറെ സഹായകരമാകാറുണ്ട്. കഅ്ബയുടെ കിസ്‌വ നിർമ്മാണത്തിനായുള്ള കിംഗ് അബ്ദുൽ അസീസ് കോംപ്ലക്സിൽ നിലവിലുള്ള ലോകത്തെ ഏറ്റവും വലിയ നെയ്ത്ത് മെഷീൻ ഉപയോഗിച്ചാണ് നിർമാണം.